ന്യൂദൽഹി: രാഷ്‌ട്രീയം തൊഴിലല്ലെന്നും രാഷ്‌ട്രീയ പാർട്ടികൾ ‘പൊതു തൊഴിൽ സ്ഥല’മെന്ന നിർവചനത്തിൽ വരില്ലെന്നും സുപ്രീം കോടതി. 2022 ൽ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഒരു വിധി സ്റ്റേ ചെയ്യണമെന്ന ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്.
2013 ൽ നിലവിൽ വന്ന, തൊഴിൽ സ്ഥലത്തെ സ്ത്രീകൾക്കെതിരായ ലൈംഗിക പീഡന (തടയൽ, നിരോധനം, പരിഹാരം) നിയമത്തിന്റെ പരിധിയിൽ രാഷ്‌ട്രീയ പാർട്ടികളെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. “രാഷ്‌ട്രീയ പാർട്ടികളെ ഈ നിയമത്തിന് വിധേയമാക്കുന്നത് പണ്ടോറയുടെ പെട്ടി തുറക്കുന്നു പോലെയാകും, ബ്ലാക്ക്‌മെയിലിംഗിനുള്ള കാരണമാവുകയും ചെയ്യും,” കോടതി നിരീക്ഷിച്ചു.
ഹർജിക്കാരനായ യോഗമായ ജിക്കുവേണ്ടി മുതിർന്ന അഭിഭാഷക ശോഭ ഗുപ്ത ഹാജരായി. ചീഫ് ജസ്റ്റിസ് ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജി തള്ളിയത്. “രാഷ്‌ട്രീയ പാർട്ടികളെ ജോലിസ്ഥലവുമായി എങ്ങനെ താരതമ്യം ചെയ്യും? ഒരാൾ ഒരു രാഷ്‌ട്രീയ പാർട്ടിയിൽ ചേരുമ്പോൾ അത് തൊഴിലല്ല. സ്വന്തം ഇഷ്ടപ്രകാരം, പ്രതിഫലം കൂടാതെ രാഷ്‌ട്രീയ പാർട്ടികളിൽ ചേരുന്നതിനാൽ അത് ഒരു ജോലിയല്ല. ജോലിസ്ഥലത്തെ ലൈംഗിക പീഡനത്തിനെതിരായ നിയമത്തിൽ രാഷ്‌ട്രീയ പാർട്ടികളെ എങ്ങനെ ഉൾപ്പെടുത്താൻ കഴിയും?” കോടതി ചോദിച്ചു.
ആഭ്യന്തര അന്വേഷണ സമിതികൾ (ഐസിസി) സ്ഥാപിക്കാൻ രാഷ്‌ട്രീയ പാർട്ടികൾക്ക് ബാധ്യതയില്ലെന്നായിരുന്നു 2022 ലെ കേരള ഹൈക്കോടതിയുടെ വിധി.
















