പത്തനംതിട്ട : പുല്ലാട് യുവാക്കളെ പെണ്‍കെണിയില്‍ കുടുക്കി ക്രൂര മര്‍ദനത്തിനിരയാക്കിയ സംഭവത്തിലെ പ്രതി ജയേഷ് സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. 2016 ല്‍ പതിനാറുകാരിയെ പീഡിപ്പിച്ചതിന് പോക്സോ കേസില്‍ വിചാരണ നേരിടുന്നയാളാണ് ജയേഷ്. കോയിപ്രം സ്റ്റേഷനില്‍ തന്നെ ഇയാള്‍ക്കെതിരെ പോക്‌സോ കേസ് ഉള്ളതായി പൊലീസ് വ്യക്തമാക്കി.
ഇയാളുടെ പഴയകാല ചരിത്രം പരിശോധിച്ച് വരികയാണ് പൊലീസ്.ജയേഷ് അന്വേഷണത്തോട് സഹകരിക്കുന്നില്ല. ഇയാളുടെ ഫോണിന്റെ പാസ്വേര്‍ഡ് പൊലീസിന് നല്‍കിയിട്ടില്ല.
ജയേഷിന് വേണ്ടി പൊലീസ് ചൊവ്വാഴ്ച കസ്റ്റഡി അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കും. അതിന് ശേഷം രഹസ്യ വിവരങ്ങള്‍ അടങ്ങിയ ജയേഷിന്റെ ഫോണ്‍ അടക്കം പൊലീസ് ശാസ്ത്രീയ പരിശോധനയ്‌ക്ക് അയക്കും.
കേസില്‍ അറസ്റ്റിലായ ജയേഷിന്റെ ഭാര്യ രശ്മിയുടെ മൊബൈല്‍ ഫോണില്‍ നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തത്.റാന്നി സ്വദേശിയെ ഡംബല്‍ ഉപയോഗിച്ച് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഫോണിലുണ്ട്.ആലപ്പുഴ സ്വദേശിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതായി അഭിനയിപ്പിക്കുന്ന ദൃശ്യങ്ങളും രശ്മിയുടെ ഫോണിലുണ്ട്. റാന്നി സ്വദേശിയുടെ ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിക്കുന്ന ദൃശ്യങ്ങള്‍ ജയേഷിന്റെ ഫോണിലെന്നാണ് പൊലീസ് കരുതുന്നത്.
പ്രതികള്‍ മൂന്നു പേരെ കൂടി സമാനമായ രീതിയില്‍ മര്‍ദിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം. അതിനിടെ, ആറന്മുള പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ കോയിപ്രം സ്റ്റേഷനിലേക്ക് മാറ്റി.മര്‍ദനമേറ്റ ആലപ്പുഴ സ്വദേശിയെ കുറ്റകൃത്യം നടന്ന വീട്ടില്‍ എത്തിച്ച് പൊലീസ് തെളിവെടുത്തു.
















