പട്ന : ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിലും മത്സരിക്കാൻ തന്റെ പാർട്ടി തയ്യാറാണെന്ന് രാഷ്‌ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവ്. കോൺഗ്രസ് സഖ്യത്തിലെ സീറ്റ് വിഭജന തർക്കം പരിഹരിക്കപ്പെടാതെ കിടക്കുന്നതിനിടെയാണ് തേജസ്വി യാദവിന്റെ പ്രഖ്യാപനം.
ഞായറാഴ്ച മുസാഫർപൂരിലെ കാന്തിയിൽ പാർട്ടി പ്രവർത്തകരുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബീഹാറിൽ ഇത്തവണ കൂടുതൽ ശക്തി പ്രകടിപ്പിക്കാൻ സാധിക്കുമെന്ന കോൺഗ്രസിന്റെ പ്രതീക്ഷയ്‌ക്കാണ് ഇതോടെ മങ്ങലേറ്റത് . . രാഹുൽ ഗാന്ധിയുടെ ‘വോട്ടർ അധികാര യാത്ര’ വോട്ടർമാരിൽ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്നാണ് കോൺഗ്രസ് ക്യാമ്പിലെ വിലയിരുത്തൽ. എന്നാൽ തേജസ്വി യാദവിന്റെ പ്രഖ്യാപനത്തോടെ ഇൻഡി സഖ്യം പൊളിയുമെന്നാണ് റിപ്പോർട്ടുകൾ .
നിലവിൽ ഒരു കോൺഗ്രസിന്റെ കൈവശമുള്ള മുസാഫർപൂർ സീറ്റിനെക്കുറിച്ചുള്ള തേജസ്വി യാദവിന്റെ പരാമർശം, മത്സരിക്കുന്ന സീറ്റുകളിൽ ആർജെഡി അവകാശവാദം ഉന്നയിക്കാൻ മടിക്കില്ല എന്നതിന്റെ സൂചനയായി സഖ്യകക്ഷികൾ വ്യാഖ്യാനിക്കുന്നു. മഹാഗത്ബന്ധന്റെ മുഖ്യമന്ത്രി ആരായിരിക്കുമന്ന് അടുത്തിടെ രാഹുൽ ഗാന്ധിയോട് ചോദിച്ചപ്പോൾ അതിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറിയിരുന്നു. മഹാഗത്ബന്ധൻ സഖ്യത്തിലെ ഉന്നത സ്ഥാനത്തേക്ക് തന്റെ സ്ഥാനം ശക്തിപ്പെടുത്താനുള്ള നീക്കമായാണ് തേജസ്വി യാദവിന്റെ പ്രസ്താവനയെ കണക്കാക്കുന്നത്.
















