തിരുവനന്തപുരം: കിളിമാനൂരില്‍ കാല്‍ നട യാത്രക്കാരനായ വയോധികന്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ വാഹനമോടിച്ചത് പാറശാല സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി ഐ പി അനില്‍കുമാര്‍ തന്നെയാണെന്ന് പൊലീസ് അന്വേഷണത്തില്‍ സ്ഥിരീകരണം.ഞായറാഴ്ച മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് പാറശാല സ്റ്റേഷന്‍ വിട്ട് അനില്‍കുമാര്‍ തട്ടത്തുമലയിലെ വീട്ടില്‍ പോയത്. അനുമതിയില്ലാതെ പോയതിനാലാണ് അപകടം ഉണ്ടായിട്ടും നിര്‍ത്താതെ പോയതെന്നാണ് അറിയുന്നത്.
അപകടമുണ്ടാക്കിയ അനില്‍കുമാറിന്റെ കാര്‍ പൊലീസ് പിടിച്ചെടുത്തു.സംഭവത്തില്‍ പാറശാല സിഐ പി അനില്‍കുമാറിനെതിരെ നടപടിയുണ്ടാകും.സി ഐയുടെ ഭാഗത്തു ഗുരുതര വീഴ്‌ച്ചയുണ്ടെന്നാണ് കണ്ടെത്തല്‍.
ഒരാള്‍ വാഹനത്തിന്റെ വശത്ത് ഇടിച്ചുവീണുവെന്ന് അനില്‍കുമാര്‍ പൊലീസിനോട് പറഞ്ഞു. എന്നിട്ടും അയാള്‍ എഴുന്നേറ്റ് നടന്നുപോയെന്നാണ് അനില്‍കുമാര്‍ പറയുന്നത്. അപകടം ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ചുലാല്‍ അന്വേഷിക്കും.
കഴിഞ്ഞ പത്താം തീയതി പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കിളിമാനൂരില്‍ വെച്ച് സംഭവം നടന്നത്. വയോധികനെ ഇടിച്ചത് അറിഞ്ഞിട്ടും കാര്‍ നിര്‍ത്താതെ പോയി. വയോധികന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടശഷം കാര്‍ വര്‍ക്ക് ഷോപ്പില്‍ എത്തിച്ച് അറ്റകുറ്റപണി നടത്തി തെളിവ് നശിപ്പിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
അപകടത്തിന് ശേഷം ഇതുവരെ എസ്എച്ച്ഒ അനില്‍കുമാര്‍ പാറശാലയില്‍ ജോലിക്ക് എത്തിയിട്ടില്ല.അപകടത്തിന് പിന്നാലെ ബെംഗളൂരുവില്‍ കേസ് അന്വേഷണത്തിനായി പോയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്നാണ് കിളിമാനൂര്‍ പൊലീസ് വാഹനം തിരിച്ചറിഞ്ഞത്.
അപകടത്തില്‍ കിളിമാനൂര്‍ സ്വദേശി രാജന്‍ (59) ആണ് മരിച്ചത്. വാഹനമിടിച്ചിട്ട ശേഷം രാജന്‍ ഏറെ നേരം റോഡില്‍ ചോരവാര്‍ന്ന് കിടന്നിരുന്നു.പിന്നീടാണ് നാട്ടുകാര്‍ രാജനെ കാണുന്നതും ആശുപത്രിയിലെത്തിക്കുന്നതും. കിളിമാനൂര്‍ പൊലിസ് സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്.
















