മാറനാട് ശ്രീകുമാര്‍
എന്റെയീഗ്രാമവീഥികളൊക്കെയും
വൃന്ദാവനത്തിന്റെ ചേലണിഞ്ഞീടുന്നു
ദ്വാരകയാകുന്നിതമ്പാടിയാകുന്നു
ദ്വാപരയുഗസന്ധ്യയായി ചമയുന്നു
നീരാഴമുള്ളൊരു യമുനയായെന്‍മനം
നീന്തിത്തുടിക്കുവാനെത്തുന്നു കണ്ണനും
കാളിയമര്‍ദ്ദനമാടുവാനൊരു
പിഞ്ചുകാലിനായ്
കാളിയന്‍ മെല്ലെ ശിരസു നമിക്കുന്നു.
വെണ്ണകട്ടുണ്ണുവാനുണ്ണിക്കുമോഹമാ-
യേറെക്കൊതിയോടെ ലീലകളാടുന്നു.
ആയത്തിലാടുന്നൊരുറിതകര്‍ത്തീടുവാന്‍
‘ഉറിയടി’മേളാങ്കമേറെപ്പെരുക്കുന്നു
ആടിയും പാടിയുമഷ്ടമിരോഹിണിയാ-
ഘോഷപെരുമഴ പെയ്തിറങ്ങുമ്പോള്‍
കണ്ണന്‍ പിറക്കുന്നു പുതുയുഗപ്പിറവിയായി
മാനവഹൃത്തില്‍ പിന്നെയും പിന്നെയും
















