ചെന്താപ്പൂര്
ഒളിച്ചോടുമ്പോള്‍
വെറുതെ,
വെറും കൈയോടെ ഓടരുത്!
ഒളിച്ചോടുന്ന മഹാപാപികളെ
ഒഴിച്ചു തന്നെ വിട്ടേക്കണം.
പെറ്റവര്‍ കുട്ടികളേയുംകൊണ്ട് പോകരുത്.
അവര്‍ കൊല്ലപ്പെടുകയോ
തെരുവിലേക്ക്
വലിച്ചെറിയപ്പെടുകയോ ചെയ്യും.
അവരെ മുത്തച്ഛന്റെയോ
മുത്തശ്ശിയുടെയോ
അടുത്തേക്ക് വിട്ടേക്കുക.
വായ് കീറിയ ദൈവം
വയറ്റിനും വഴി കൊടുക്കും.
കേള്‍ക്കൂ,
വേലിയിറക്കമാകുമ്പോള്‍ ഓടയില്‍
വീര്‍ത്തു കിടക്കാതിരിക്കാന്‍.
ഒളിച്ചോടുമ്പോള്‍
കരുതേണ്ടവ ഓര്‍മ്മിച്ചുകൊള്ളുക.
മുഷിയുമ്പോള്‍ മാറിയുടുക്കാന്‍
അടിവസ്ത്രമുള്‍പ്പെടെ
രണ്ടുജോടിയാകാം.
മോഹിച്ച ഉടലും വസ്ത്രവും
ഒറ്റരാത്രികൊണ്ടു നാറുമെന്നതിനാല്‍
ബാര്‍ സോപ്പും കുളി സോപ്പും
കരുതിക്കൊള്ളുക !
കാശുണ്ടെങ്കില്‍ പാര്‍ക്കാന്‍
ലോഡ്ജ് കിട്ടും.
അത് അത്ര സുരക്ഷിതവുമല്ല
വാടകവീടാണെങ്കില്‍ പെട്ടതുതന്നെ.
തലയിണ,
പുതപ്പ,്
ബ്രഷ്,
പേസ്റ്റ്,
മണക്കാന്‍ പൗഡര്‍
അല്ലെങ്കില്‍ സ്പ്രേ.
മേശ, കസേര
അലമാര
പൊട്ട്, ചാന്ത്…
തളര്‍ന്നുപോകാതിരിക്കാന്‍
അടുക്കളയെ സ്വപ്നംകാണുന്നത് നല്ലതാണ്.
ചട്ടി
കല, ചരുവം
ചിരവ
തവി
കത്തി
സ്റ്റൗ
വെട്ടുകത്തി
പിച്ചാത്തി…
ആമാശയത്തിന്റെ തീ കെടുത്താന്‍
അരി, ഉഴുന്ന്..
കാലത്ത് ഉള്ളൊന്നു ചൂടാക്കാന്‍
പാല്, പഞ്ചസാര
തേയില, പിന്നെ
കറിക്കൂട്ടിന് ഉള്ളി
ഉരുളക്കിഴങ്ങ്
തക്കാളി, വെണ്ടക്ക
പച്ചമുളക്, പാവയ്‌ക്ക
പടവലങ്ങ, ഉപ്പ്, ഉലുവ…
പടച്ചതമ്പുരാനേ……!
ഒളിച്ചോടുമ്പോള്‍ പണിയുള്ളവനോട്
ഓടണം
പണിതരുന്നവനോട് ഓടരുത്
ഇരുപത്തിയൊന്നാം നൂറ്റാണ്ടോടെ
സമ്പൂര്‍ണ്ണ രോഗം പിടിച്ച ശരീരമാണ്.
പനി
ചുമ
വലിവ്
മുട്ട്
സന്ധിവാതം
ക്ഷീണം ഒക്കെ ഉണ്ടാകാം.
പേറ്, കീറ്
ആശുപത്രി,
മരുന്ന്
കിടക്ക
ഒക്കെ വേണ്ടി വന്നേക്കാം.
കാശിന് കാശും
ആളിന് ആളുംവേണം.
ആവേശങ്ങളുടെ ആയുസ്സ്
അല്‍പമാണെന്ന് ജോത്സ്യം മോഹനന്‍
ഒളിച്ചോടുമ്പോള്‍
ഓട്ടക്കാരികള്‍ അറിയണം
ഓട്ടക്കാരന് ഒന്നും കരുതേണ്ട
ഒരു തീപ്പെട്ടി മതി
ഒരു പാലം മതി
ഒരു പാളം മതി
ഒറ്റയ്‌ക്കോ ഇരട്ടയ്‌ക്കോ എന്നത്
മനോഭാവം പോലെ….
















