എറണാകുളം : അങ്കമാലിയിലെ സ്വകാര്യ ബസ് പണിമുടക്ക് ഒത്തുതീര്‍ന്നു. ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ ബസ് തൊഴിലാളികളും ബസ് ഉടമകളുമായി അങ്കമാലി സി ഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സമരം അവസാനിപ്പിച്ചത്. വേതന വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികള്‍ നാല് ദിവസമായി നടത്തിവന്ന സമരമാണ് ഒത്തുതീര്‍ന്നത്.
തൊഴിലാളികള്‍ക്ക് 350 രൂപ കൂലി വര്‍ധന നല്‍കാമെന്ന തീരുമാനത്തിലാണ് സമരം തീര്‍ന്നത്.അങ്കമാലിയില്‍ ബസുകള്‍ സര്‍വീസ് നടത്തി തുടങ്ങി.
അങ്കമാലി, കാലടി, അത്താണി, കൊരട്ടി മേഖകളിലെ സ്വകാര്യ ബസ് തൊഴിലാളികളാണ് സമരം നടത്തിയത്.കാലാവധി തീര്‍ന്ന കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.
പുതിയ കരാര്‍ രണ്ടുവര്‍ഷത്തേക്കാണ്. ആദ്യ വര്‍ഷം 250 രൂപയുടെ വര്‍ധനവും തൊട്ടടുത്ത വര്‍ഷം മുതല്‍ 100 രൂപയും അധികം നല്‍കും.
200ല്‍ പരം ബസുകളിലെ 600 ഓളം ജീവനക്കാരാണ് സമരം നടത്തിയത്.13 വര്‍ഷമായി വിദ്യാര്‍ഥികളുടെ ഒരു രൂപ മിനിമം ചാര്‍ജ് എന്നത് തുടരുകയാണെന്നും അത് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ബസ് ഉടമകള്‍ പറഞ്ഞു. ഈയൊരു സാഹചര്യത്തില്‍ കൂലി വര്‍ദ്ധന ഒരു പരിധിയില്‍ കൂടുതല്‍ അനുവദിക്കാനാവാത്ത സാഹചര്യമാണ് ഉള്ളതെന്നും ബസ് ഉടമകള്‍ വെളിപ്പെടുത്തി.
















