ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഇരകള്‍ക്ക് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന 1500 വീടുകള്‍ നിര്‍മിക്കാന്‍, സര്‍ക്കാരും എച്ച്ആര്‍ഡിഎസ് ഇന്ത്യയുമായി കരാറായി. വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങളും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കളും പദ്ധതിയുടെ ഗുണഭോക്താക്കളാകും.
ജമ്മു കശ്മീര്‍ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ, ജമ്മു ഡിവിഷണല്‍ കമ്മീഷണര്‍ രമേഷ് കുമാര്‍, അഡീ. കമ്മീഷണര്‍ ആന്‍ഷുല്‍ ഗാര്‍ഗ് എച്ച്ആര്‍ഡി എസ് ഇന്ത്യ സ്ഥാപക സെക്രട്ടറി അജി കൃഷ്ണന്‍ എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടു. എച്ച്ആര്‍ഡിഎസ് ഇന്ത്യ അഡ്മിനിസ്‌ട്രേറ്റര്‍ സരിത പി. മേനോന്‍, സിഎസ്ആര്‍ വിഭാഗം ഡയറക്ടര്‍ ജി. സ്വരാജ് കുമാര്‍, ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സ് ചെയര്‍മാന്‍ സഞ്ജീവ് ഭട്‌നഗര്‍ എന്നിവര്‍ പ്രസംഗിച്ചു.
702 ചതുരശ്ര അടിയില്‍ ഇരുനിലകളിലായി ആധുനിക സാങ്കേതിക മികവില്‍ മൂന്ന് ബെഡ്റൂം സ്മാര്‍ട് വീടുകളാണ് നിര്‍മിക്കുന്നത്. സൗജന്യ ഇന്റര്‍നെറ്റ്, ആരോഗ്യ-വിദ്യാഭ്യാസ ബോധവത്കരണം, ശുചിത്വ പരിശീലനം എന്നിവ എച്ച്ആര്‍ഡിഎസ് ഇന്ത്യ ഉറപ്പാക്കും. ബിഎസ്എന്‍എല്ലിന്റെ സഹകരണത്തോടെയാണ് ഇന്റര്‍നെറ്റ്, ഡിജിറ്റല്‍ സൗകര്യങ്ങള്‍ സജ്ജമാക്കുന്നത്. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ വീടുകള്‍ സൗജന്യമായി പെയിന്റ് ചെയ്യും.
വീടുകള്‍ക്ക് മുപ്പതു വര്‍ഷത്തെ ഗ്യാരന്റിയുണ്ട്. 1947 മുതല്‍ നടന്ന ഭീകരാക്രമണങ്ങളും സായുധ സംഘട്ടനങ്ങളും മൂലം വീടുകള്‍ നശിച്ചുപോയവരെയും ജമ്മുകശ്മീരിലെ സമീപകാല പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഒരു മാസത്തിനുള്ളില്‍ വീട് പണി ആരംഭിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങും മുന്‍കൈയെടുത്താണ് പണികള്‍ എച്ച്ആര്‍ഡിഎസിനെ ഏല്‍പ്പിച്ചത്.
യുദ്ധത്തില്‍ നഷ്ടപ്പെടുന്ന വീടുകള്‍ക്ക് പകരം വീടുകള്‍ നിര്‍മിച്ചു നല്‍കാറില്ല. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ് മാതൃകാപദ്ധതിയെന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു.
















