തിരുവനന്തപുരം : കിളിമാനൂരില്‍ അജ്ഞാത വാഹനമിടിച്ച് മധ്യവയസ്കന് മരിച്ച സംഭവത്തില്‍ വാഹനം തിരിച്ചറിഞ്ഞു.പാറശാല എസ് എച്ച് ഒ അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് ഇടിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
കിളിമാനൂര്‍ ചേണിക്കുഴി സ്വദേശി രാജന് (59) ആണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു അപകടം. റോഡിലൂടെ നടന്നുപോകുകയായിരുന്ന രാജനെ ഇടിച്ചിട്ടശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനില്‍കുമാറിന്റെ മാരുതി 800 വാഹനമാണെന്ന് വ്യക്തമായത്.
വാഹനമിടിച്ചിട്ട കൂലിപ്പണിക്കാരന് രാജന് റോഡില്‍ ചോരവാര്‍ന്ന് മരിക്കുകയായിരുന്നു. ഒരു മണിക്കൂറോളം രാജന് റോഡില്‍ കിടന്നു. പുലര്‍ച്ചെ 6 മണിയോടെയാണ് രാജനെ ചോരയില്‍കുളിച്ച നിലയില്‍ നാട്ടുകാര്‍ കാണുന്നത്. തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കിളിമാനൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ സംഭവം അന്വേഷിക്കുകയായിരുന്നു.
വാഹനം ഓടിച്ചത് അനില്‍കുമാര്‍ ആണോ എന്ന് കണ്ടെത്താന്‍ കൂടുതല്‍ സിസിടിവി കേന്ദ്രീകരിച്ചുകൊണ്ടുള്ള അന്വേഷണം ആവശ്യമുണ്ട്. അനില്‍കുമാര്‍ തന്നെയാണ് വാഹനം ഓടിച്ചതെന്ന് തെളിഞ്ഞാല്‍ സസ്പെന്ഷന് അടക്കം ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് കിളിമാനൂര്‍ പൊലീസിന്റെ നീക്കം. അടുത്തദിവസം എസ് എച്ച് ഒയെ കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ച് ചോദ്യം ചെയ്യാനാണ് നീക്കം.
















