പുല്‍പ്പള്ളി : വയനാട്ടിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് തര്‍ക്കത്തിന്‌റെ ഭാഗമായ വ്യാജക്കേസില്‍ ആരോപണവിധേയനായ പഞ്ചായത്തംഗത്തെ വീടിനടുത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളന്‍കൊല്ലി പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ ജോസ് നെല്ലേടമാണ് മരിച്ചത്. വ്യാജ കേസില്‍ കുടുങ്ങിയ തങ്കച്ചന്‍ അഗസ്റ്റിന്‍ തനിക്കെതിരായ കേസിന് പിന്നില്‍ ജോസ് നെല്ലേടവും ഡിസിസി നേതാക്കളുമാണെന്ന് ആരോപിച്ചിരുന്നു.
കഴിഞ്ഞ മാസമായിരുന്നു വ്യാജ കേസിനാസ്പദമായ സംഭവം. വീട്ടില്‍ കിടന്ന കാറിന് സമീപത്തുനിന്ന് മദ്യവും സ്ഫോടക വസ്തുക്കളും കണ്ടെത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരപരാധിയെന്ന് തുടക്കം മുതല്‍ തങ്കച്ചന്‍ പറഞ്ഞുവെങ്കിലും പൊലീസ് വകവെച്ചില്ല. തുടര്‍ന്ന് കോടതി തങ്കച്ചനെ റിമാന്‍ഡ് ചെയ്തു. ഏഴാം തീയതിയാണ് തങ്കച്ചന്‍ ജയില്‍മോചിതനായത്.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്‌റെ ഭാഗമായി തന്നെ വീട്ടില്‍ കിടത്തിയുറക്കില്ലെന്ന് ഡിസിസി സെക്രട്ടറി ഭീഷണിമുഴക്കിയിരുന്നുവെന്ന് തങ്കച്ചന്‍ പറഞ്ഞു. രണ്ടാം വാര്‍ഡിലെ പഞ്ചായത്ത് മെമ്പര്‍ ജോസ് നെല്ലേടം, പെരിക്കല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മീഡിയ, മുള്ളംകൊല്ലിയിലെ മുന്‍ മണ്ഡലം പ്രസിഡന്റ്, മണ്ഡലം ട്രഷറര്‍, ഡിസിസി അദ്ധ്യക്ഷന്‍ എന്നിവര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും തങ്കച്ചന്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ പഞ്ചായത്ത് മെമ്പര്‍ ജോസ് നെല്ലേടത്തെ മരിച്ച നിലയില്‍ കണ്ടത്. ജനപ്രതിനിധി എന്ന നിലയില്‍ ലഭിച്ച സന്ദേശം പൊലീസിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും നിജസ്ഥിതി കണ്ടെത്തേണ്ടിയിരുന്നത് പൊലീസാണെന്നും ജോസ് നേരത്തെ പറഞ്ഞിരുന്നു.
















