ന്യൂദല്‍ഹി: തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്രയാണ് അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം നിര്‍ത്താന്‍ കഴിയാത്ത അമിത് ഷായുടെ തലവെട്ടണം എന്ന് ആഹ്വാനം ചെയ്തത്. പിന്നാലെ രാഹുല്‍ ഗാന്ധിയുടെ വേദിയില്‍ മുഴങ്ങിയ മുദ്രാവാക്യം മോദിയെ തല്ലണം എന്നതായിരുന്നു. ഇപ്പോഴിതാ രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കുന്നത് മോദിയോടുള്ള ഭയം ഇന്ത്യയിലെ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു എന്നാണ്.
എന്തായാലും ഒരു കലാപത്തിലേക്ക് ഇന്ത്യയിലെ യുവാക്കളെ പ്രേരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തന്നെയാണ് രാഹുല്‍ഗാന്ധിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നത് വ്യക്തമാണ്. ഇക്കാര്യമാണ് കഴിഞ്ഞ ദിവസം ബിജെപി വക്താവായ പ്രദീപ് ഭണ്ഡാരി വെളിപ്പെടുത്തിയത് രാഹുല്‍ ഗാന്ധിക്ക് വോട്ട് ചോരി എന്ന ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉയര്‍ത്താന്‍ വേണ്ടി എല്ലാ ഫയലുകളും അയയ്‌ക്കപ്പെട്ടത് മ്യാന്‍മറിലെ ഒരു കമ്പ്യൂട്ടറില്‍ നിന്നാണ്. അതിനര്‍ത്ഥം ഇന്ത്യയെ തകര്‍ക്കാനുള്ള ടൂള്‍ കിറ്റുകള്‍ വിദേശത്ത് സൃഷ്ടിക്കപ്പെടുന്നു എന്നാണ്. മാത്രമല്ല, എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ച നേതാവായി രാഹുല്‍ ഗാന്ധി മാറിയെന്നും പ്രദീപ് ഭണ്ഡാരി വിമര്‍ശിക്കുന്നു.
പണം നല്‍കി പ്രതിപക്ഷത്തില്‍ നിന്നും വോട്ടുകള്‍ വാങ്ങിയാണ് മോദി സര്‍ക്കാര്‍ ഉപരാഷ്‌ട്രപതിയെ ജയിപ്പിച്ചതെന്ന കല്ലുവെച്ച നുണ പറയാന്‍ തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജിക്ക് മടിയില്ലാതായിരിക്കുന്നു. 20 കോടി വരെ കൈക്കൂലിയായി കൊടുത്തു എന്ന് തെളിവില്ലാതെ ആരോപിക്കുകയാണ്.
ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഒരു ഭൂപ്രദേശമുണ്ട്. ഇന്ത്യയുടെ കോഴിക്കഴുത്ത് (ചിക്കന്‍ നെക്ക്) എന്നാണ് ഈ ഭൂപ്രദേശത്തെ വിളിക്കുന്നത്. ഇപ്പോള്‍ തീഹാര‍് ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ഖാലിദ് നടത്തിയ ഒരു പ്രസംഗത്തില്‍ ഇന്ത്യയുടെ ഈ കോഴിക്കഴുത്ത് എന്നെന്നേയ്‌ക്കുമായി അടച്ച് ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തുമെന്നാണ്. ഇതുപോലെ എത്രയോ വിഘടനവാദപരമായ പ്രസംഗങ്ങള്‍ നടത്തിയ ഉമര്‍ഖാലിദിന് ഇനിയും ജാമ്യം നല്‍കാത്തതില്‍ രാജ് ദീപ് സര്‍ദേശായി എന്ന ഹിന്ദുവിരുദ്ധ, മോദി വിരുദ്ധ ജേണലിസ്റ്റ് ഉള്‍പ്പെടെ എത്രയോ എന്‍ജിഒകള്‍ രോഷം കൊള്ളുന്നുണ്ട്. ഈ അസ്വസ്ഥതകള്‍ എല്ലാം ഒരു കലാപത്തിലേക്ക് ചെറുപ്പക്കാരെ നയിക്കാനുള്ള ശ്രമം ആണെന്നാണ് കരുതപ്പെടുന്നത്.
അതേ സമയം പ്രതിപക്ഷ പാര്‍ട്ടികള്‍ ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയും കണ്ട് പനിക്കേണ്ടെന്നാണ് വിദഗ്ധമതം. കാരണം നേപ്പാളും ശ്രീലങ്കയും ബംഗ്ലാദേശും ഇന്ത്യയുമായി താരതമയം ചെയ്യുമ്പോള്‍ തീരെ ചെറിയ രാജ്യങ്ങളാണ്. അവര്‍ക്ക് ഇന്ത്യപോലെ 140 കോടി ജനങ്ങളുള്ള, ഇത്രയും ചിട്ടയായ സൈനികസംവിധാനമുള്ള, ജനാധിപത്യസ്ഥാപനങ്ങളും തെരഞ്ഞെടുപ്പുമുള്ള ഒരു രാജ്യത്തെ സര്‍ക്കാരിനെ ഒരു കലാപത്തിലൂടെ അട്ടിമറിക്കാനാകില്ല.
















