തിരുവനന്തപുരം: പ്രത്യേക വോട്ടർ പട്ടികാ പരിശോധനയും തിരുത്തലും ലക്ഷ്യമിടുന്ന എസ് ഐ ആർ കേരളത്തിലും നടപ്പാക്കും. ഒരുക്കങ്ങളിലേക്ക് കടക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർക്ക് നിർദേശം നൽകിക്കഴിഞ്ഞു.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ അനുമതി കിട്ടിയാൽ ഉടൻ എസ് ഐ ആർ എന്ന പ്രത്യേക വോട്ടർ പട്ടിക റിവിഷൻ ആരംഭിക്കും.
എസ്‌ഐആർ നടപ്പാക്കും മുൻപ് രാഷ്‌ട്രീയ പാർട്ടികളുടെ യോഗം വിളിക്കും. കൂടാതെ മാധ്യമങ്ങൾക്കും പ്രക്രിയയുടെ വിശദാംശങ്ങൾ നൽകും. വോട്ടർമാരെ പരിശോധിക്കാൻ ഉപയോഗിക്കാവുന്ന രേഖകളുടെ പട്ടിക തയ്യാറാക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന സിഇഒമാർക്ക് നിർദ്ദേശം നൽകിയതായി റിപ്പോര്‍ട്ടുകളുണ്ട്. 2002ലാണ് കേരളത്തിൽ ഏറ്റവും ഒടുവിൽ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം നടന്നത്.
കേരളത്തിൽ തദ്ദേശ പൊതുതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷൻ ഒക്ടോബർ അവസാനം പുറപ്പെടുവിച്ചേക്കുമെന്നാണു സൂചന. തദ്ദേശ വാർഡുകളുടെയും തുടർന്നു തദ്ദേശ സ്ഥാപന അധ്യക്ഷ സ്ഥാനങ്ങളിലേക്കുമുള്ള സംവരണം നിശ്ചയിക്കുന്ന നടപടികൾ ഈമാസം അവസാനമോ ഒക്ടോബർ ആദ്യമോ നടക്കും. ഇതിനു മുൻപായി എസ്ഐആറിന്റെ പ്രാഥമിക നടപടികൾ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന് തുടങ്ങാനാവുമെന്നാണു വിലയിരുത്തൽ.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറില്‍ നടത്തിയ വോട്ടർ പട്ടിക പരിഷ്കരണം വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
















