- പ്രവേശന വിജ്ഞാപനം www.jipmer.edu.inല്‍
- ഓണ്‍ലൈനില്‍ സപ്തംബര്‍ 22 വരെ അപേക്ഷിക്കാം
- ‘നീറ്റ് യുജി 2025’ യോഗ്യത നേടിയവര്‍ക്കാണ് അവസരം
ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാഡുവേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് (ജിപ്മെര്‍), പുതുച്ചേരി 2025-26 അധ്യയനവര്‍ഷത്തെ ബിഎസ്സി- നഴ്സിങ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ് കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍ കീഴില്‍ ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണിത്. വളരെ ചുരുങ്ങിയ ഫീസ് നിരക്കില്‍ മികച്ച സൗകര്യങ്ങളോടെ ഇവിടെ പഠനം പൂര്‍ത്തിയാക്കാനാകും. 1200 രൂപയാണ് വാര്‍ഷിക ട്യൂഷന്‍ ഫീസ്.
കോഴ്സുകളും സീറ്റുകളും: ബിഎസ്സി നഴ്സിങ്, നാല് വര്‍ഷത്തെ ഫുള്‍ടൈം കോഴ്സ്. 24 ആഴ്ചത്തെ പെയിഡ് ഇന്റേണ്‍ഷിപ്പും ഇതില്‍ ഉള്‍പ്പെടും. സീറ്റുകള്‍ 94 (വനിതകള്‍ 85, പുരുഷന്മാര്‍ 9); ബിഎസ്സി അലൈഡ് ഹെല്‍ത്ത് സയന്‍സ് കോഴ്സുകള്‍ (എഎച്ച്എസ്)- സീറ്റുകള്‍ 87 (മെഡിക്കല്‍ ലബോറട്ടറി സയന്‍സ് 37, അനസ്തേഷ്യ ടെക്നോളജി, ഒപ്ട്രോമെട്രി (ബി.ഓപ്ട്രോം), കാര്‍ഡിയാക് ലബോറട്ടറി ലബോറട്ടറി ടെക്നോളജി, ഡയാലിസിസ് തെറാപ്പി ടെക്നോളജി, എംഎല്‍റ്റി (ബ്ലഡ് ബാങ്കിങ്), മെഡിക്കല്‍ റേഡിയോളജി ആന്റ് ഇമേജിങ് ടെക്നോളജി, ന്യൂറോ ടെക്നോളജി, ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്നോളജി, പെര്‍ഫ്യൂഷന്‍ ടെക്നോളജി, റേഡിയോ തെറാപ്പി ടെക്നോളജി. ഓരോ കോഴ്സിലും 5 സീറ്റ് വീതം). കോഴ്സ് കാലാവധി 4 വര്‍ഷം (തിയറിയും പ്രാക്ടിക്കലും 3 വര്‍ഷം + ഒരു വര്‍ഷം കമ്പല്‍സറി ഇന്റേണ്‍ഷിപ്പും).
പ്രവേശന യോഗ്യത: ഭാരത പൗരന്മാരായിരിക്കണം. ‘നീറ്റ് യുജി 2025’ല്‍ യോഗ്യത നേടിയിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആന്റ് സുവോളജി, ഇംഗ്ലീഷ് വിഷയങ്ങളോടെ ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം. ഈ ശാസ്ത്ര വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുണ്ടാകണം. എസ്സി/എസ്ടി/ഒബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 40% മാര്‍ക്കില്‍ കുറയാതെയും ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുബിഡി) 45% മാര്‍ക്കില്‍ കുറയാതെയും നേടിയിരിക്കണം. പ്രായം 2025 ഡിസംബര്‍ 31 ന് 17 വയസ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല.
‘നീറ്റ്-യുജി 2025’ സ്‌കോര്‍ മെരിറ്റ് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. പ്രവേശന വിജ്ഞാപനം, വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് എന്നിവ www.jipmer.edu.inല്‍ അനൗണ്‍സ്മെന്റ് ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം.
പ്രോസ്പെക്ടസിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഓണ്‍ലൈനില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. സപ്തംബര്‍ 22 വൈകിട്ട് 4 മണിവരെ അപേക്ഷ സ്വീകരിക്കും. അര്‍ഹതയുള്ളവരുടെ ലിസ്റ്റ് ഒക്ടോബര്‍ 8ന് മുമ്പ് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. കൗണ്‍സലിങ്, അഡ്മിഷന്‍ തീയതികള്‍ പിന്നീട് അറിയിക്കുന്നതാണ്. ക്ലാസുകള്‍ ഒക്ടോബര്‍ 27 ന് തുടങ്ങും.
ഒബിസി നോണ്‍ ക്രീമിലെയര്‍, എസ്സി/എസ്ടി, ഇഡബ്ല്യൂഎസ്, ഭിന്നശേഷി (പിഡബ്ല്യുബിഡി), പുതുച്ചേരിയിലെ സ്ഥിരതാമസക്കാര്‍ മുതലായ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് സൗവരണാനുകൂല്യം ലഭിക്കും.
ഫീസ് ഘടന: അഡ്മിഷന്‍ ഫീസ് (ഒറ്റതവണ)- 2,500 രൂപ, വാര്‍ഷിക ട്യൂഷന്‍ ഫീസ് 1200 രൂപ, വാര്‍ഷിക സ്റ്റുഡന്റ്സ് അസോസിയേഷന്‍ ഫീസ് 1000 രൂപ, വാര്‍ഷിക ലേണിങ് റിസോഴ്സ് ഫീസ് 2000 രൂപ, വാര്‍ഷിക കോര്‍പ്പസ് ഫണ്ട് 60 രൂപ, ഐഡന്റിറ്റി കാര്‍ഡ് (ഒറ്റതവണ) 150 രൂപ, വാര്‍ഷിക സ്റ്റുഡന്റ് ഇന്‍ഫര്‍മേഷന്‍ ഡീറ്റെയില്‍ 150 രൂപ, കോഷന്‍ ഡിപ്പോസിറ്റ് 3000 രൂപ. മൊത്തം 11,410 രൂപയാണ് ആദ്യവര്‍ഷം വിവിധ ഇനങ്ങളിലായി ഫീസ് അടയ്‌ക്കേണ്ടത്. ഫീസ് നിരക്കില്‍ മാറ്റം വന്നുകൂടെന്നില്ല.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കേണ്ടതാണ്.















