റായ്‌പുർ : ഛത്തീസ്ഗഡിലെ ഗരിയബന്ദ് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ഇതുവരെ പത്ത് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. ഇതിൽ കേന്ദ്ര കമ്മിറ്റി അംഗവും തലയ്‌ക്ക് ഒരു കോടി രൂപ പ്രതിഫലവുമായ മോഡം ബാലകൃഷ്ണ എന്ന മനോജും ഉൾപ്പെടുന്നു. ഈ ചരിത്രപരമായ നടപടിക്ക് മുഖ്യമന്ത്രി സുരക്ഷാ സേനയെ അഭിനന്ദിച്ചു.
നക്സലൈറ്റുകളുടെ തെറ്റായ പ്രത്യയശാസ്ത്രം ഇപ്പോൾ മരിച്ചുകൊണ്ടിരിക്കുകയാണെന്നതിന്റെ വ്യക്തമായ തെളിവാണ് ഈ സംഭവങ്ങളെന്ന് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് പറഞ്ഞു. ഛത്തീസ്ഗഡിൽ വിശ്വാസത്തിന്റെയും വികസനത്തിന്റെയും സമാധാനത്തിന്റെയും ഒരു പുതിയ പ്രഭാതം ഉദിച്ചുയരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ 2026 മാർച്ചോടെ നക്സൽ മുക്ത് ഭാരത് എന്ന പ്രമേയം യാഥാർത്ഥ്യമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ ഗരിയബന്ദ്, നാരായൺപൂർ ജില്ലകളിലെ നക്സൽ മുന്നണിയിൽ വൻ വിജയങ്ങൾ നേടിയ സിആർപിഎഫിലെ കോബ്ര കമാൻഡോ, ഛത്തീസ്ഗഢ് പോലീസ്, ഡിആർജി ജവാൻമാരെ മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് അഭിനന്ദിച്ചു.
അതേ സമയം ഗരിയബന്ദ് ജില്ലയിലെ ഏറ്റുമുട്ടലിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതാവനയിറക്കി. “നക്സലൈറ്റുകൾക്കെതിരെ നമ്മുടെ സുരക്ഷാ സേന ഇന്ന് മറ്റൊരു പ്രധാന നേട്ടം കൈവരിച്ചു. ഛത്തീസ്ഗഡിൽ, സിആർപിഎഫിന്റെ കോബ്ര കമാൻഡോ, ഛത്തീസ്ഗഡ് പോലീസ്, ഡിആർജി എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ സിസിഎം മോഡം ബാലകൃഷ്ണ എന്ന മനോജ് ഉൾപ്പെടെ 10 കുപ്രസിദ്ധ നക്സലൈറ്റുകളെ വധിച്ചു. ശേഷിക്കുന്ന നക്സലൈറ്റുകളും യഥാസമയം കീഴടങ്ങണം. വരുന്ന മാർച്ച് 31 ന് മുമ്പ് റെഡ് ടെററിന്റെ പൂർണ്ണമായ നാശം ഉറപ്പാണ്.” – അമിത് ഷാ പറഞ്ഞു.















