കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്‌ക്കില്ല. പൊതുദര്‍ശനം ഒഴിവാക്കണമെന്ന് പിപി തങ്കച്ചന്‍ നേരത്തേ തന്നെ പറഞ്ഞിട്ടുളളത് കണക്കിലെടുത്താണിത്.വെളളിയാഴ്ച രാവിലെ 11 മണിക്ക് വീട്ടില്‍ എത്തിക്കുന്ന മൃതദേഹം ശനിയാഴ്ച ഉച്ചയോടെ പള്ളിയില്‍ കൊണ്ടുപോകും. നെടുമ്പാശേരി അകപ്പറമ്പ് യാക്കോബായ പള്ളിയിലാണ് സംസ്‌കാരം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പിപി തങ്കച്ചന്‍ വ്യാഴാഴ്ച വൈകുന്നേരം 4.30നാണ് അന്തരിച്ചത്.
ശ്വാസകോശ അണുബാധ മൂലം കഴിഞ്ഞ ആഗസ്റ്റ് പതിനഞ്ചിനാണ് പിപി തങ്കച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആരോഗ്യനില മോശമായത് കാരണം വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയത്. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെങ്കിലും ഇന്ന് രാവിലെ സ്ഥിതി വീണ്ടും മോശമാവുകയും വൈകിട്ട് മരണം സംഭവിക്കുകയും ആയിരുന്നു.നിലവില്‍ ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം.
കെപി സിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍, ആന്റണി മന്ത്രി സഭയില്‍ കൃഷിമന്ത്രി, പെരുമ്പാവൂരില്‍ നിന്ന് നാലുതവണ എംഎല്‍എ, എറണാകുളം ഡിസിസി പ്രസിഡന്റ്, പെരുമ്പാവൂര്‍ നഗരസഭാധ്യക്ഷന്‍ തുടങ്ങിയ സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് പി പി തങ്കച്ചന്‍.
















