തിരുവനന്തപുരം: അക്കാദമിക് ഗവേഷണരംഗങ്ങളിലെ സഹകരണത്തിനായി തലസ്ഥാനത്തെ എട്ടു ദേശീയ ഗവേഷണ സ്ഥാപനങ്ങള്‍ കൈകോര്‍ക്കുന്നു. ഗവേഷണ പദ്ധതികളിലെ പങ്കാളിത്തം, ഓരോ സ്ഥാപനത്തിലെയും അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പരസ്പര സഹകരണം എന്നിവയാണ് ലക്ഷ്യമിടുന്നത്. വിവിധ പഠനമേഖലകള്‍ ചേര്‍ന്നുള്ള ഗവേഷണം ശക്തിപ്പെടുത്താനും അക്കാദമിക് ഗവേണരംഗത്തെ സഹകരണം മെച്ചപ്പെടുത്താനും വിവിധ ശാസ്ത്രമേഖലകളിലെ നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനുമാണ് ഗവേഷണസ്ഥാപനങ്ങള്‍ കൈകോര്‍ക്കുന്നത്.
വികസിത ഭാരതത്തിനായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച പദ്ധതിയാണ് വിവിധ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണവും സാങ്കേതിക കൈമാറ്റങ്ങളും. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍ജിസിബി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍), ദേശീയ ഭൗമ ഗവേഷണ കേന്ദ്രം (എന്‍സിഇഎസ്എസ്), സെന്‍ട്രല്‍ ട്യൂബര്‍ ക്രോപ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിടിസിആര്‍ഐ), സിഎസ്‌ഐആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി (സിഎസ്‌ഐആര്‍എന്‍ഐഐഎസ്ടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെയ്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐഐഎസ്ടി), സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗ് (സിഡാക്), ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി (എസ്‌സിടിഐഎംഎസ്ടി) എന്നീ സ്ഥാപനങ്ങളാണ് കൈകോര്‍ത്തത്. ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തമ്മിലുള്ള ഔദ്യോഗിക സഹകരണത്തിന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ വച്ച് സ്ഥാപനമേധാവികള്‍ ധാരണയിലെത്തി.
സിഡാക് ഡയറക്ടര്‍ ജനറല്‍ ഇ. മഗേഷ്, ആര്‍ജിസിബി ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണ, ഐസര്‍ ഡയറക്ടര്‍ ഡോ. ജെ.എന്‍ മൂര്‍ത്തി, ഭൗമ പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. എന്‍.വി. ചലപതിറാവു, സിടിസിആര്‍ഐ ഡയറക്ടര്‍ ഡോ. ജി. ബൈജു, സിഎസ്‌ഐആര്‍ എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. അനന്തരാമകൃഷ്ണന്‍, ഐഐഎസ്ടി ഡയറക്ടര്‍ ഡോ. ദീപാംഗര്‍ ബാനര്‍ജി, ശ്രീചിത്ര ഡയറക്ടര്‍ ഡോ. സഞ്ജയ് ബിഹാരി, ശ്രീചിത്ര ബയോമെഡിക്കല്‍ ടെക്‌നോളജി വിഭാഗം മേധാവി ഡോ. ഹരികൃഷ്ണ വര്‍മ്മ .പി.ആര്‍. എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ. അഭയ് കരണ്ടികര്‍, ശ്രീചിത്ര പ്രസിഡന്റ് ഡോ. ക്രിസ് ഗോപാലകൃഷണന്‍, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സ്വയംഭരണ സ്ഥാപന വിഭാഗം മേധാവി സുനില്‍ കുമാര്‍ എന്നിവരും ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തു.
തിരുവനന്തപുരത്തെ വിവിധ മേഖലകളിലാണ് എട്ട് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതെങ്കിലും ഇത് ആദ്യമായാണ് എട്ട് സ്ഥാപനങ്ങളുടെയും മേധാവിമാര്‍ ഒരുമിച്ച് ചേരുന്നത്.
















