തിരുവനന്തപുരം: ഹിരൺ ദാസ് മുരളിയെന്ന റാപ്പർ വേടനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന പരാതിയുമായി കുടുംബം. അന്വേഷണം ആവശ്യപ്പെട്ട് വേടന്റെ സഹോദരൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് സഹോദരൻ പരാതിയിൽ പറയുന്നു.
വേടന്റെ വാക്കുകളെ നിശബ്ദമാക്കാനാണ് ശ്രമം. കുടുംബം അനുഭവിക്കുന്ന മാനസിക പ്രയാസത്തെ കുറിച്ചാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതെന്നും ആരുടെയും പേര് എടുത്തു പറഞ്ഞിട്ടില്ലെന്നും വേടന്റെ സഹോദരൻ ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ രാഷ്‌ട്രീയ ഗൂഢാലോചന നടക്കുന്നുവെന്ന് വേടൻ മുൻകൂർ ജാമ്യഹർജിയിലും ആരോപിച്ചിരുന്നു.
ബലാത്സംഗക്കേസിൽ റാപ്പർ വേടനെ തൃക്കാക്കര പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യമുള്ളതിനാൽ വൈദ്യ പരിശോധനയ്‌ക്ക് ശേഷം വിട്ടയച്ചു. വേടനെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം ഉണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുളള ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിവാഹ വാഗ്ദാനം നൽകി അഞ്ചുതവണ പീഡിപ്പിച്ചുവെന്നായിരുന്നു വേടനെതിരായ യുവ ഡോക്ടറുടെ പരാതി.















