ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ ഭാരതത്തിലെ 102 സമുദ്രോല്പന്ന യൂണിറ്റുകള്‍ക്കു കൂടി ഇറക്കുമതിക്ക് അനുമതി നല്‍കി.
ഭാരതത്തിനു മേല്‍ ഇരട്ടച്ചുങ്കം അടിച്ചേല്‍പ്പിക്കുകയും 100 ശതമാനം ചുങ്കം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെടുകയും ചെയ്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുള്ള യൂണിയന്റെ ചുട്ടമറുപടിയാണിത്. നൂറിലേറെ കമ്പനികള്‍ക്കു കൂടി അനുമതിയായതോടെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കുള്ള ഭാരതത്തിന്റെ സമുദ്രാല്പന കയറ്റുമതി 20 ശതമാനം വര്‍ദ്ധിക്കും. യുഎസ് കഴിഞ്ഞാല്‍ ഭാരതം ഏറ്റവും കൂടുതല്‍ സമുദ്രോല്പന്നങ്ങള്‍ കയറ്റിയയച്ചിരുന്നത് ഇവിടേക്കാണ്.
ഇതോടെ 604 ഭാരത കമ്പനികള്‍ക്ക് ഇയുവിലേക്ക് സമുദ്രോല്പന്നങ്ങള്‍ കയറ്റിയയക്കാം. അമിത ചുങ്കം മൂലം യുഎസിലേ ക്കുള്ള ചെമ്മീന്‍ കയറ്റുമതി കുത്തനെ ഇടിഞ്ഞിരുന്നു. ഇതോടെ കേന്ദ്രം ഇടപെട്ട് ഇതര രാജ്യങ്ങളിലേക്ക് ഇവ അയക്കാനുള്ള നടപടികള്‍ അതിവേഗം സ്വീകരിക്കുകയായിരുന്നു. 2024-2025ല്‍ ഭാരതം 4.88 ബില്യന്‍ ഡോളറിന്റെ ചെമ്മീനാണ് കയറ്റിയയച്ചത്, മൊത്തം സമുദ്രോല്പന്ന കയറ്റുമതിയുടെ 66 ശതമാനം. 7.45 ബില്യന്‍ ഡോളറിന്റെ സമുദ്രോല്പന്നങ്ങളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാം കയറ്റിയയച്ചത്.
















