ന്യൂയോർക്ക് : റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ കാര്യത്തിൽ ട്രംപ് ഭരണകൂടം ഇന്ത്യയെ ഭീഷണിപ്പെടുത്തിയതിനെ രൂക്ഷമായി വിമർശിച്ച് യുഎസ് സെനറ്റർ ജിയന്നെ ഷഹീൻ. ന്യൂദൽഹിയും പ്രധാനമന്ത്രി മോദിയും തമ്മിൽ വർഷങ്ങളായി കെട്ടിപ്പടുത്ത ബന്ധം ഏതാനും മാസങ്ങൾക്കുള്ളിൽ തകർന്നത് നിർഭാഗ്യകരമാണെന്ന് ഷഹീൻ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ ഇരട്ടിയാക്കി 50 ശതമാനമാക്കിയ സമയത്താണ് ഡെമോക്രാറ്റിക് പാർട്ടി സെനറ്റർ ജീൻ ഷഹീന്റെ ഈ പരാമർശം.
നമ്മുടെ വിദേശനയം എപ്പോഴും അമേരിക്കയുടെ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്ന് ഞാൻ കരുതുന്നു, പക്ഷേ പ്രസിഡന്റ് ട്രംപിന്റെ നയങ്ങൾ അത് ചെയ്തിട്ടില്ല. പകരം, അമേരിക്കയെ ബഹുമാനിക്കപ്പെടുന്നതും സ്വാധീനമുള്ളതുമാക്കി മാറ്റിയ ആറ് പതിറ്റാണ്ടുകളുടെ ശ്രമങ്ങളെ അദ്ദേഹത്തിന്റെ നയങ്ങൾ നശിപ്പിച്ചു എന്ന് വാഷിംഗ്ടണിലെ കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിൽ നടത്തിയ പ്രസംഗത്തിൽ ന്യൂ ഹാംഷെയറിൽ നിന്നുള്ള സെനറ്റർ ഷഹീൻ പറഞ്ഞു.
ഇതിന് പുറമെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്‌ക്ക് 50 ശതമാനം തീരുവ ചുമത്തിയതുപോലെ ചൈനയ്‌ക്ക് മേൽ യുഎസ് തീരുവ ചുമത്തണോ എന്ന് ചോദിച്ചപ്പോൾ അതെ ഞാനും അങ്ങനെ വിശ്വസിക്കുന്നു എന്ന് അവർ പറഞ്ഞു. വർഷങ്ങളായി ഇന്ത്യയുമായും പ്രധാനമന്ത്രി മോദിയുമായും കെട്ടിപ്പടുക്കാൻ ശ്രമിച്ച ബന്ധം ഏതാനും മാസങ്ങൾക്കുള്ളിൽ തകർന്നത് നിർഭാഗ്യകരമാണെന്ന് കരുതുന്നതായും ജീൻ ഷഹീൻ പറഞ്ഞു.
ഈ സമയത്ത് ട്രംപിന്റെ വിദേശനയത്തിലെ വൈരുദ്ധ്യങ്ങളും ഷഹീൻ എടുത്തുകാണിച്ചു. അമേരിക്കയ്‌ക്ക് ബ്രസീലുമായി വ്യാപാര മിച്ചമുണ്ടെങ്കിലും ഞങ്ങൾ തീരുവ ചുമത്തുകയാണ്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഞങ്ങൾ ഇന്ത്യയെ ഭീഷണിപ്പെടുത്തുകയാണ്, എന്നാൽ ചൈനയുടെ കാര്യത്തിൽ, ഞങ്ങൾ കണ്ണടയ്‌ക്കുന്നുവെന്നും അവർ പറഞ്ഞു.
ചൈനയിലെ ടിയാൻജിനിൽ അടുത്തിടെ സമാപിച്ച ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിയിൽ പങ്കെടുത്ത മോദി, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് എന്നിവരുടെ ഫോട്ടോയും ഷഹീൻ പരാമർശിച്ചു. കഴിഞ്ഞയാഴ്ച ഷാങ്ഹായ് ഉച്ചകോടിയിൽ നിന്നുള്ള ഫോട്ടോകൾ നോക്കിയാൽ മതിയായിരുന്നു അതിൽ മോദിയും ഷിയും പുടിനും കൈകോർത്ത് നിൽക്കുന്നതായി കാണപ്പെട്ടിരുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.
















