കോട്ടയം: സമൂഹത്തിലെ ക്രിയാത്മക ഇടപെടലുകളെ എക്കാലത്തും പ്രോത്സാഹിപ്പിച്ചിരുന്ന പ്രിയ സുഹൃത്താണ് നിയുക്ത ഉപരാഷ്‌ട്രപതി സി.പി .രാധാകൃഷ്ണന്‍ എന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ. ജാതി മത ഭേദമെന്യേ സഭ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നത്.
സഭയുമായി കാത്ത് സൂക്ഷിച്ചിരുന്ന അടുപ്പം ഗവര്‍ണറായ ശേഷം കൂടുതല്‍ ഊഷ്മളമായി. ഝാര്‍ഖണ്ഡ് ഗവര്‍ണറായിരിക്കെ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായ്‌ക്ക് രാജ്ഭവനില്‍ ഹൃദ്യമായ സ്വീകരണമാണ് അദ്ദേഹം ഒരുക്കിയത്. സഭയുടെ ആത്മീയ തീര്‍ത്ഥാടന കേന്ദ്രമായ പരുമല പള്ളി സന്ദര്‍ശിക്കണമെന്നുള്ള ആഗ്രഹം അന്ന് രാധാകൃഷ്ണന്‍ പങ്കുവെച്ചിരുന്നു.
സഹോദരന്‍ ജീവകാരുണ്യ പദ്ധതിയുടെ മൂന്നാം വാര്‍ഷികത്തില്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനൊപ്പം പങ്കെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും പ്രോട്ടോക്കോള്‍ തടസമായി. അന്ന് പങ്കെടുക്കാന്‍ കഴിയാതിരുന്നത് മനസില്‍ സൂക്ഷിച്ചിരുന്ന ഗവര്‍ണര്‍, കേരളത്തിലെത്തിയ ഉടന്‍ സഭാ ആസ്ഥാനമായ ദേവലോകത്ത് അതിഥിയായി എത്തി. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു.
പിറന്നാള്‍ ദിനത്തിലാണ് അദ്ദേഹം സഭാ ആസ്ഥാനത്തെത്തിയത്. ഗവര്‍ണര്‍ക്ക് കാതോലിക്കാ ബാവാ ആറന്മുള കണ്ണാടി സമ്മാനിച്ചു. സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്ന ലഹരി വിപത്തിനെതിരെ ജൂണ്‍ 14 ന് സഭ സംഘടിപ്പിച്ച ഡ്രഗ്‌സിറ്റ് കോണ്‍ക്ലേവില്‍ മുഖ്യ അതിഥിയായെത്തി ഗവര്‍ണര്‍ സഭയുമായുള്ള സൗഹൃദത്തിന് അടിവരയിട്ടു. ഏവരെയും സൗമ്യതയോടെ ചേര്‍ത്തുനിര്‍ത്തുന്ന സി.പി രാധാകൃഷ്ണന് പുതിയ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാന്‍ കഴിയട്ടെയെന്ന് ഓര്‍ത്തഡോക്‌സ് സഭ ആശംസിച്ചു.
















