കാഠ്മണ്ഡു : പ്രതിഷേധങ്ങളിലും കലാപങ്ങളിലും വീർപ്പ് മുട്ടുന്ന നേപ്പാളി ജനതയോട് സമാധാനം പുനസ്ഥാപിക്കണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഔദ്യോഗിക എക്സ് ഹാൻഡിലാണ് അദ്ദേഹം ഇന്നലെ നേപ്പാളി ജനതയോട് സംവദിച്ചത്.
” ഹിമാചൽ പ്രദേശ്, പഞ്ചാബ് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം, നേപ്പാളിലെ സംഭവവികാസങ്ങൾ സുരക്ഷാകാര്യ മന്ത്രിസഭാ സമിതി യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. നേപ്പാളിലെ അക്രമം ഹൃദയഭേദകമാണ്. നിരവധി യുവാക്കൾക്ക് അതിൽ ജീവൻ നഷ്ടപ്പെട്ടു എന്നറിയുന്നത് വളരെ വേദനാജനകമാണ്. നേപ്പാളിന്റെ സ്ഥിരത, സമാധാനം, സമൃദ്ധി എന്നിവ നമുക്ക് വളരെ പ്രധാനമാണ്. സമാധാനം നിലനിർത്താൻ നേപ്പാളിലെ എന്റെ എല്ലാ സഹോദരീസഹോദരന്മാരോടും ഞാൻ താഴ്മയോടെ അഭ്യർത്ഥിക്കുന്നു.” – പ്രധാനമന്ത്രി എക്സിൽ പറഞ്ഞു.
അതേ സമയം നേപ്പാളിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ച പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ സുരക്ഷാകാര്യ മന്ത്രിസഭാ സമിതി (സിസിഎസ്) യോഗം നടന്നിരുന്നു. പ്രധാനമന്ത്രി മോദിക്ക് പുറമേ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമ്മല സീതാരാമൻ, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. നേപ്പാളിന്റെ സ്ഥിരത, സമാധാനം, സമൃദ്ധി എന്നിവ ഇന്ത്യയ്‌ക്ക് ഏറ്റവും പ്രധാനമാണെന്ന് യോഗത്തിൽ പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. നേപ്പാളിലെ അക്രമങ്ങൾ ഹൃദയഭേദകമാണെന്ന് അദ്ദേഹം പറഞ്ഞു.
അതേ സമയം ജനറൽ-ഇസഡ് പ്രസ്ഥാനം കാരണം രണ്ട് ദിവസമായി കത്തിയെരിയുന്ന നേപ്പാളിൽ ഇപ്പോൾ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. രാത്രി 10 മണിക്ക് ശേഷം കാഠ്മണ്ഡുവിലെ തെരുവുകളിൽ സൈനിക നീക്കം ആരംഭിച്ചു. നേപ്പാൾ സൈന്യത്തിന്റെ നിരവധി കവചിത വാഹനങ്ങൾ രാത്രി മുഴുവൻ കാഠ്മണ്ഡുവിലെ തെരുവുകളിൽ പട്രോളിംഗ് നടത്തി. ഇതിനോടകം സൈന്യം നിരവധി അക്രമികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
















