ബാങ്കോക്ക്: വിനോദസഞ്ചാരത്തിന് പേരുകേട്ട തായ്‌ലന്‍ഡില്‍ അനുടിന്‍ ചാണ്‍വിരാകുലിനെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. തായ്‌ലന്‍ഡിന്റെ മുന്‍ ആരോഗ്യവകുപ്പ് മന്ത്രിയും ഉപപ്രധാനമന്തിയുമായിരുന്നു ഇദ്ദേഹം. രാജ്യത്ത് കഞ്ചാവ് നിയമവിധേയമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് അനുടിന്‍ ചാണ്‍വിരാകുലിനെ ശ്രദ്ധേയനാക്കിയത്.
തായ്‌ലന്‍ഡ് രാഷ്‌ട്രീയത്തിലെ പ്രധാനശക്തിയായിരുന്ന തക്‌സിന്‍ ഷിനവത്രയ്‌ക്കും അദ്ദേഹത്തിന്റെ ഫ്യൂ തായ് പാര്‍ട്ടിക്കും ഏറ്റ കനത്തതിരിച്ചടിയാണ് അനുടിന്റെ വിജയം. കംബോഡിയയുടെ സെനറ്റ് പ്രസിഡന്റ് ഹുന്‍ സെന്നയുമായുള്ള വിവാദ ഫോണ്‍സംഭാഷണം പുറത്തുവന്നതിനെത്തുടര്‍ന്ന് ഷിനവത്രയുടെ മകള്‍ പെയ്‌ടോങ്ടാര്‍ണ്‍ ഷിനവത്രയ്‌ക്ക് സ്ഥാനമൊഴിയേണ്ടി വന്നു. ഇക്കാരണത്താലാണ് രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയതും അനുടിന്‍ ചാണ്‍വിരാകുല്‍ പ്രധാനമന്തിയായി സ്ഥാനമേറ്റതും.
ഞായാറാഴ്ച പാര്‍ലമെന്റില്‍ തെരഞ്ഞെടുപ്പ് പ്രക്രീയകള്‍ നടക്കുന്നതിനിടെ തക്‌സിന്‍ ഷിനവത്ര തന്റെ പ്രൈവറ്റ് ജെറ്റില്‍ രാജ്യം വിട്ടു. എന്നാല്‍ ഇന്നലെ അദ്ദേഹം ദുബായ്‌യില്‍ നിന്ന് തിരിച്ചെത്തി. തന്റെ ചികിത്സയുടെ ഭാഗമായാണ് ദുബായ്‌യിലേക്ക് പോയതെന്നാണ് ഷിനവത്ര നല്‍കിയ വിശദീകരണം.
ഷിനവത്ര ഉള്‍പ്പെട്ട (അഴിമതി, അധികാര ദുര്‍വിനിയോഗം) മൂന്ന് കേസുകള്‍ ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. എട്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം.











