തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ സമാപനം കുറിച്ച് തലസ്ഥാനത്ത് നടക്കുന്ന ഘോഷയാത്രയോടനുബന്ധിച്ച് നാളെ ഉച്ചയ്‌ക്ക് ശേഷം തിരുവനന്തപുരം നഗരത്തിൽ പ്രദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. നഗരസഭാ പരിധിയിലുള്ള എല്ലാ സ്കൂളുകൾക്കും നാളെ അവധിയായിരിക്കും. സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാത്രമാണ് അവധി ബാധകം.
ഘോഷയാത്ര ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഫ്ലാഗ് ഓഫ് ചെയ്യും. വൈകിട്ട് 4ന് വെള്ളയമ്പലത്തെ മാനവീയം വീഥിയില്‍ ഘോഷയാത്രയുടെ വരവ് അറിയിച്ചുകൊണ്ട് അമ്പത്തിയൊന്ന് കലാകരന്മാര്‍ ശംഖനാദം മുഴക്കും. തുടര്‍ന്ന് വാദ്യോപകരണമായ കൊമ്പ്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യ കലാകാരന് കൈമാറി. സാംസ്‌കാരിക ഘോഷയാത്രയുടെ താളമേളങ്ങള്‍ക്ക് തുടക്കം കുറിക്കും.
ഘോഷയാത്ര വെള്ളയമ്പലത്തു നിന്നും ആരംഭിച്ച് കിഴക്കേകോട്ടയില്‍ അവസാനിക്കും. ആയിരത്തില്‍പരം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സാംസ്‌കാരിക കലാരൂപങ്ങളുടെ അകമ്പടിയോടെ വിവിധ വകുപ്പുകള്‍ തയാറാക്കുന്ന അറുപതോളം ഫ്‌ളോട്ടുകളും അണിനിരക്കും. വിവിധ വാദ്യമേളങ്ങള്‍, തനതു കലാരൂപങ്ങള്‍, വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമീണ കലാരൂപങ്ങള്‍ എന്നിവയും ഘോഷയാത്രയില്‍ അണിനിരക്കും.
91 ദൃശ്യ ശ്രവ്യകലാരൂപങ്ങളും ഇന്ത്യൻ ആർമിയുടെ ബാൻഡ് സംഘവും ഘോഷയാത്രയ്‌ക്ക് നിറവേകും.’നാനാത്വത്തിൽ ഏകത്വം’ എന്ന പ്രമേയം മുൻനിർത്തി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗ്രാമീണ കലാരൂപങ്ങളും ഘോഷയാത്രയിൽ ഒത്തുചേരും. പബ്ലിക് ലൈബ്രറിക്ക് മുന്നിൽ ഘോഷയാത്ര വീക്ഷിക്കുന്നതിന് ഒരുക്കിയിട്ടുള്ള വി.വി.ഐ.പി പവലിയന് മുന്നിലും യൂണിവേഴ്സിറ്റി കോളേജിന് മുൻവശത്തെ വി.ഐ.പി പവലിയന് മുന്നിലും മ്യൂസിയം ഗേറ്റിന് സമീപത്തെ പ്രത്യേക സ്റ്റേജിലും കലാരൂപങ്ങൾ അവതരിപ്പിക്കും.
















