ന്യൂദല്‍ഹി: ബിജെപി എംപിമാര്‍ക്കുള്ള രണ്ട് ദിവസത്തെ ശില്പശാല പാര്‍ലമെന്റ് സമുച്ചയത്തിലെ ജിഎംസി ബാലയോഗി ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ ശില്പശാലയില്‍ പങ്കെടുത്തു.
ശില്പശാലയില്‍ ബിജെപി എംപിമാര്‍ക്കൊപ്പം ഏറ്റവും അവസാനത്തെ വരിയില്‍ ഇരിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രം ഇന്നലെ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. ബിജെപിയുടെ ശക്തി പ്രതിഫലിപ്പിക്കുന്നതാണ് ഇതെന്നും എല്ലാ പ്രവര്‍ത്തകനും സംഘടനയുടെ ഭാഗമാണെന്നും ബിജെപി എംപി രവി കിഷന്‍ പങ്കുവെച്ച ചിത്രത്തിനൊപ്പം കുറിച്ചു.
ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാര്‍ക്കായി ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ശില്പശാല സംഘടിപ്പിക്കുന്നത്. ജിഎസ്ടി നിരക്കുകള്‍ പരിഷ്‌കരിച്ചതിനെ പിന്തുണയ്‌ക്കുന്ന പ്രമേയം ശില്പശാല പാസാക്കി. കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു, തേജസ്വി സൂര്യ എംപി തുടങ്ങിയവര്‍ ഇന്നലെ സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ശില്പശാലയില്‍ സമാപന പ്രസംഗം നടത്തും.
















