തൃശൂര്‍: നാലാം ഓണദിനമായ ഇന്ന് തൃശൂർ നഗരത്തിൽ പുലികൾ ഇറങ്ങും. ഇന്നുച്ചയോടെ ഒമ്പത് സംഘങ്ങളാണു മടവിട്ടിറങ്ങുക. വിയ്യൂര്‍ യുവജനസംഘം, അയ്യന്തോള്‍ ദേശം പുലിക്കളി സംഘാടകസമിതി, സീതാറാം മില്‍ ദേശം, ചക്കാമുക്ക് ദേശം, ശങ്കരംകുളങ്ങര ദേശം പുലിക്കളി ആഘോഷസമിതി, നായ്‌ക്കനാല്‍ പുലിക്കളി സമാജം, പാട്ടുരായ്‌ക്കല്‍ ദേശം കായികസാംസ്‌കാരിക സമിതി, വെളിയന്നൂര്‍ ദേശം പുലിക്കളി സമാജം, കുട്ടന്‍കുളങ്ങര എന്നിവയാണ് ഒന്നിനൊന്നു മികച്ച പുലികളുമായി സ്വരാജ് റൗണ്ട് കീഴടക്കുക.
ചരിത്രത്തിലാദ്യമായി പുലികളി സംഘങ്ങള്‍ക്ക് ധന സഹായം പ്രഖ്യാപിച്ച് കേന്ദ്ര ടൂറിസം മന്ത്രാലയവും ഒപ്പമുണ്ട്. എട്ട് സംഘങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്നത് 24 ലക്ഷം രൂപ. കേന്ദ്രമന്ത്രി സുരേഷ് ഗോപി മുന്‍കൈയെടുത്താണ് ധനസഹായം ലഭ്യമാക്കുന്നത്. ഓരോ സംഘത്തിനും മൂന്ന് ലക്ഷം രൂപ വീതം സഹായം ലഭിക്കും. ഡിപിപിഎച്ച് സ്‌കീം പ്രകാരമാണ് തുക നല്‍കുന്നതെന്ന് മന്ത്രി സുരേഷ് ഗോപി പറഞ്ഞു.
കൂടാതെ, സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ തഞ്ചാവൂര്‍) പുലികളി സംഘങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം സംഭാവന ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
പ്രശസ്തമായ തൃശ്ശൂര്‍ പുലി കളി സംഘങ്ങള്‍ക്ക് എന്റെ ഓണസമ്മാനമാണിതെന്നാണ് സുരേഷ് ഗോപി ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു.
പുലിയിറക്കത്തിനുള്ള ഒരുക്കങ്ങള്‍ ഇന്നലെ രാത്രിയോടെ തുടങ്ങിയിരുന്നു. നിശ്ചല ദൃശ്യങ്ങളുടെ പണികളും അവസാന ഘട്ടത്തിലാണ്. ഇക്കുറി പുലിക്കളിക്ക് അമ്പതുലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സും കോര്‍പറേഷന്‍ ഒരുക്കിയിട്ടുണ്ട്. പുലിവരയ്‌ക്കും ചമയപ്രദര്‍ശനത്തിനും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്കു ട്രോഫിയും കാഷ് പ്രൈസും കോര്‍പറേഷന്റെ ലഹരിവിരുദ്ധ ബോധവത്കരണ പ്ലോട്ടും ഇക്കുറിയുണ്ടാകും.
ഉച്ചകഴിഞ്ഞു 4.30ന് സ്വരാജ് റൗണ്ടില്‍ തെക്കേഗോപുര നടയ്‌ക്കു സമീപം വെളിയന്നൂര്‍ ദേശം സംഘത്തിനു മന്ത്രിമാരും എംഎല്‍എയും ചേര്‍ന്നു ഫ്‌ളാഗ് ഓഫ് ചെയ്യുന്നതോടെ പുലിക്കളിക്കു തുടക്കമാകും.
















