തിരുവനന്തപുരം: മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ജന്മദിനാശംസകള് നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭാവാത്മകമായ അഭിനയാവിഷ്കരങ്ങളിലൂടെ നമ്മളെയാകെ ആവേശം കൊള്ളിക്കുന്ന സര്‍ഗപ്രതിഭയാണ് മമ്മൂട്ടിയെന്ന് പിണറായി വിജയന് പറഞ്ഞു. വൈവിധ്യമാര്‍ന്ന അനേകം കഥാപാത്രങ്ങളെ ഇനിയും അവതരിപ്പിക്കാനും അതുവഴി ചലച്ചിത്രലോകത്തെ മുന്നോട്ടു നയിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പിറന്നാള്‍ദിനത്തില്‍ എല്ലാവരോടും നന്ദി അറിയിച്ച് മമ്മൂട്ടിയും രംഗത്തെത്തി. കടലിന്റെ തീരത്ത് തന്റെ വാഹനത്തിൽ ചാരി നില്ക്കുന്ന ഫോട്ടോയാണ് നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആറുമാസമായി താരം ചെന്നൈയില്‍ വിശ്രമത്തിലാണ്. താരം രോഗമുക്തനായി തിരിച്ചുവരുന്നതിന്റെ ആഹ്ലാദത്തിലാണ് പിറന്നാള്‍ ആഘോഷം. ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് നിരവധി പേരാണ് താനങ്ങളുടെ പ്രിയ താരത്തിന് ആശംസകള്‍ നേരുന്നത്.
20-ാം വയസ്സില്‍ ആദ്യമായി സിനിമാ ക്യാമറയുടെ മുന്നിലെത്തിയ അദ്ദേഹം 50 വർഷങ്ങളിലധികമായി ചലച്ചിത്രലോകത്ത് മുൻനിരയിലുണ്ട്. പ്രായം പോലും മമ്മൂട്ടിക്ക് മുന്നില്‍ അടിയറവ് പറഞ്ഞു നില്‍ക്കുകയാണ്. 1951 സെപ്റ്റംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്ത് ജനിച്ച മുഹമ്മദ് കുട്ടിയെന്ന പൊടിമീശക്കാരന്‍ 1971 ഓഗസ്റ്റ് ആറിന് റിലീസ് ചെയ്ത ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയില്‍ മുഖം കാണിച്ചു.
മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥിയായിരുന്നു അന്ന്. അന്നത്തെ സൂപ്പര്‍താരം സത്യന്‍ ആയിരുന്നു അനുഭവങ്ങള്‍ പാളിച്ചകളിലെ നടന്‍. സത്യന്റെ അവസാന സിനിമ കൂടിയായിരുന്നു അത്. സത്യന്റെ അവസാന ചിത്രം മമ്മൂട്ടിയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റമായത്. ആള്‍ക്കൂട്ടത്തില്‍ ഒരാളായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍, ഈ സിനിമയ്‌ക്ക് ശേഷം പിന്നെയും ഒമ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മമ്മൂട്ടി മലയാളത്തില്‍ നടനായി അരങ്ങേറുന്നത്.
1980 ല്‍ റിലീസ് ചെയ്ത ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന സിനിമയിലൂടെ. ഈ സിനിമയിൽ അഭിനയിക്കുമ്പോഴാണ് തിക്കുറിശ്ശി സുകുമാരൻ നായർ, മുഹമ്മദ് കുട്ടിയ്‌ക്ക് മമ്മൂട്ടിയെന്ന പേര് നിർദ്ദേശിച്ചത്. ഇതിനു പിന്നാലെ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി 400ലേറെ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചും. മിക്കതും സൂപ്പർഹിറ്റ്.
പത്മശ്രീ, മികച്ച നടനുള്ള ദേശീയ- സംസ്ഥാന പുരസ്കാരങ്ങള്‍, ദേശീയ അവാർഡുകളും, ഫിലിം ഫെയർ പുരസ്കാരങ്ങള്‍, കേരള- കാലിക്കറ്റ് സർവകലാശാലകളില്‍ നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ നിരവധിയേറെ പുരസ്കാരങ്ങളും അദ്ദേഹത്തിനെ തേടിയെത്തി. മൂന്ന് തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡും ആറ് തവണ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും മമ്മൂട്ടി കരസ്ഥമാക്കിയിട്ടുണ്ട്.
















