കൊച്ചി : സാങ്കേതിക തകരാർ കാരണം അബുദാബിയിലേക്ക് പറന്നുയർന്ന ഇൻഡിഗോ വിമാനം രണ്ടര മണിക്കൂറിന് ശേഷം കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കി. വെള്ളിയാഴ്ച രാത്രി 11.10ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട 6ഇ-1403 നമ്പർ വിമാനം ശനിയാഴ്ച പുലർച്ചെ 1.44നാണ് തിരികെ ഇറക്കിയത്. വിമാനത്തിൽ 180ൽ അധികം യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
വിമാനം തിരിച്ചിറക്കിയതിനെ തുടർന്ന് യാത്രക്കാർക്കായി ഇൻഡിഗോ മറ്റൊരു വിമാനം ഏർപ്പെടുത്തി. ഈ വിമാനം പുലർച്ചെ 3.30ന് അബുദാബിയിലേക്ക് പുറപ്പെട്ടു.
കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ ഇന്ത്യയിൽ വിമാനങ്ങളിൽ സാങ്കേതിക തകരാറുകൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ജൂലൈ 2024ൽ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പോകേണ്ട ഇൻഡിഗോ വിമാനം ഇന്ധന ചോർച്ച സംശയിച്ചതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. ഇതു കാരണം നൂറുകണക്കിന് യാത്രക്കാർക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു.
















