ശ്രീനഗർ : വിഗ്രഹം ആണെന്ന് ആരോപിച്ച് അശോകസ്തംഭം തല്ലിത്തകർത്ത് തീവ്ര ഇസ്ലാമിസ്റ്റുകൾ . ഈദ്-ഇ-മിലാദിന്റെ ഭാഗമായി ശ്രീനഗറിലെ ഹസ്രത്ത്ബാൽ ദർഗയിൽ എത്തിയ ജനക്കൂട്ടമാണ് അക്രമം അഴിച്ചു വിട്ടത് . മൂന്ന് ദിവസം മുമ്പ് ദർഗയുടെ നവീകരണത്തിന് ശേഷം സ്ഥാപിച്ച അശോകസ്തംഭം വിഗ്രഹമാണെന്ന് പറഞ്ഞായിരുന്നു അക്രമം .
പള്ളിക്കുള്ളിൽ വിഗ്രഹം സ്ഥാപിച്ചുവെന്ന് ആരോപിച്ചാണ് ജനക്കൂട്ടം അശോക സ്തംഭം തകർത്തത്. പള്ളിക്കുള്ളിൽ ഒരു വിഗ്രഹവും സ്ഥാപിക്കാൻ അനുവദിക്കില്ലെന്നും തീവ്ര ഇസ്ലാമിസ്റ്റുകൾ പറയുന്നു. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വഖഫ് ബോർഡ് സ്ഥാപിച്ച മാർബിളിൽ കൊത്തിയെടുത്ത അശോക സ്തംഭം ചിലർ കല്ലുകൊണ്ട് തകർക്കുന്നതായി വീഡിയോയിൽ കാണാം.
സെപ്റ്റംബർ 3 ന് വഖഫ് ബോർഡ് ചെയർപേഴ്‌സൺ ഡോ. ദരാക്ഷൻ ആൻഡ്രാബിയാണ് ഇത് ഉദ്ഘാടനം ചെയ്തത് . ശിലാഫലകത്തിൽ ദരാക്ഷൻ ആൻഡ്രാബിയുടെ പേര് എഴുതിയിട്ടുമുണ്ട്. ‘ 1968 ന് ശേഷം ദർഗയുടെ ഉൾഭാഗത്ത് ഉണ്ടാകുന്ന ആദ്യത്തെ പ്രധാന മാറ്റമാണിത്. കശ്മീരിന്റെ പരമ്പരാഗത കലയെയും ആധുനികതയെയും സമന്വയിപ്പിച്ചാണ് പുതിയ ഡിസൈൻ നിർമ്മിച്ചിരിക്കുന്നത്. ജമ്മു കശ്മീരിന്റെ ആത്മീയ പൈതൃകത്തിന് അഭിമാനകരമായ ഒരു സാംസ്കാരിക നാഴികക്കല്ലാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ദീർഘവീക്ഷണത്തോടെയുള്ള സഹകരണത്തിനും പിന്തുണയ്‌ക്കും നന്ദി എന്ന് പറഞ്ഞാണ് ഇത് ആൻഡ്രാബി ജനങ്ങൾക്ക് സമർപ്പിച്ചത്.
















