തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനിറങ്ങിത്തിരിച്ച സംസ്ഥാന സര്‍ക്കാര്‍ വെട്ടിലാകുന്നു. ദേവസ്വം ബോര്‍ഡിന്റെ തലയില്‍ കെട്ടിവച്ചു തടിതപ്പാന്‍ നീക്കം തുടങ്ങി. ലക്ഷങ്ങള്‍ ചെലവഴിച്ചു പ്രാഥമിക കാര്യങ്ങള്‍ ചെയ്യുന്നതല്ലാതെ പരിപാടി സംബന്ധിച്ച് സര്‍ക്കാരിനും ബോര്‍ഡിനും ഇപ്പോഴും വ്യക്തതയില്ല. അയ്യപ്പ സംഗമം എന്തിനാണെന്ന് ഹൈക്കോടതി കൂടി ചോദിച്ചതോടെയാണ് സര്‍ക്കാര്‍ പരുങ്ങലിലായത്. വ്യക്തമായ ധാരണയില്ലാതെ പണപ്പിരിവും തെരഞ്ഞെടുപ്പില്‍ വോട്ടും ലക്ഷ്യമിട്ട് ഇറങ്ങിത്തിരിച്ചതായിരുന്നു സര്‍ക്കാര്‍. സംഗമോദ്ദേശ്യശുദ്ധിയെക്കുറിച്ചു വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ പരിപാടി ആകെ കുഴഞ്ഞുമറിഞ്ഞു.
അയ്യപ്പ സംഗമച്ചെലവിനുള്ള പണം സംബന്ധിച്ച ആശയക്കുഴപ്പവും രൂക്ഷമായി. പമ്പയില്‍ അയ്യപ്പ സംഗമം നടത്തുമെന്ന് ദേവസ്വം മന്ത്രിയാണ് ആദ്യം പറഞ്ഞത്. പരിപാടിക്കുള്ള തുക സര്‍ക്കാര്‍ ചെലവഴിക്കാനായിരുന്നു തീരുമാനം. എന്നാല്‍ നിയമ വശം പരിശോധിച്ചപ്പോള്‍ സര്‍ക്കാരിന് ഉത്തരവിറക്കാനാകാതെ വന്നതോടെ പണം അനുവദിക്കാനുള്ള ഉത്തരവ് ധനവകുപ്പും ഇറക്കിയില്ല. ഇതോടെ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമാക്കി അയ്യപ്പ സംഗമത്തെ ചിത്രീകരിക്കാന്‍ ശ്രമം തുടങ്ങി. എന്നാല്‍ ബോര്‍ഡ് ഫണ്ടില്‍ നിന്ന് അയ്യപ്പ സംഗമത്തിനു പണം ചെലവഴിക്കാനാകില്ലെന്ന് ദേവസ്വം കമ്മിഷണര്‍ നിലപാടെടുത്തതോടെ ബോര്‍ഡും കുരുക്കിലായി. ഇതിനെ മറികടക്കാന്‍ സ്‌പോണ്‍സര്‍ഷിപ്പെന്ന പദ്ധതി നടപ്പാക്കാനായി അടുത്ത നീക്കം.
ശബരിമലയുമായി ബന്ധപ്പെട്ട് എന്തു നടത്തിയാലും സ്‌പെഷല്‍ കമ്മിഷണര്‍ അറിഞ്ഞിരിക്കണം. എന്നാല്‍ പരിപാടി സംബന്ധിച്ച് സ്‌പെഷല്‍ കമ്മിഷണറെ ധരിപ്പിച്ചിട്ടില്ല. തീര്‍ത്ഥാടന കാലത്ത് അയ്യപ്പന്‍മാര്‍ക്ക് വിശ്രമിക്കാന്‍ താത്കാലിക കുടിലുപോലുള്ള സംവിധാനങ്ങളേ പമ്പയില്‍ പാടുള്ളൂയെന്ന കോടതി വിധി ദേവസ്വം ബോര്‍ഡിന് നല്കിയിട്ടുണ്ട്. അയ്യപ്പ സംഗമത്തിന് ശീതീകരിച്ച പന്തലാണ് തയാറാക്കുന്നത്. ദേവസ്വം ബോര്‍ഡ് ഇതിനെല്ലാം കോടതിക്ക് വ്യക്തമായ മറുപടി നല്‌കേണ്ടി വരും.
അയ്യപ്പ സംഗമത്തിലൂടെ പതിവുപോലെ സമുദായങ്ങളെ തമ്മിലടിപ്പിച്ചു നേട്ടം കൊയ്യാനുള്ള സിപിഎം കുടില തന്ത്രവും പാളി. എന്‍എസ്എസും എസ്എന്‍ഡിപി യോഗവും ചില നിബന്ധനകള്‍ മുന്നോട്ടുവച്ച് പിന്തുണച്ചു. രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഒഴിവാക്കി വിശ്വാസികളാണ് പങ്കെടുക്കേണ്ടതെന്ന നിബന്ധന ഇരുകൂട്ടരും മുന്നോട്ടുവച്ചതോടെ കനത്ത തിരിച്ചടിയായി. ശബരിമല യുവതീപ്രവേശം സംബന്ധിച്ച സത്യവാങ്മൂലം പിന്‍വലിക്കാനുള്ള ആവശ്യം ശക്തമായതും സര്‍ക്കാരിനെ വെട്ടിലാക്കി.
















