പൂക്കളം, ചിത്ര,മാഘോഷം
സംഗീതാത്മക കീര്‍ത്തനം,
വാദ്യവൃന്ദങ്ങള്‍, വിഭവം-
സര്‍വവും ചേര്‍ന്നിതന്നവും
കായികാഭ്യാസ രസമായ്
കളിയും കളിവള്ളവും
കേളിയാടുന്നു കൗമാരം
യൗവനം ഭേദമില്ലതാ
ബാല്യം വാര്‍ദ്ധക്യമോടൊത്ത്
വിനോദിക്കുന്ന നാള്‍കളേ
ആരു ചൊന്നൂ സ്വപ്‌നമാണാ
സമത്വത്തിന്റെ വിസ്മയം!
നരസിംഹസ്വരൂപം പൂ-
ണ്ടവസാനിപ്പിച്ച നാസ്തിക-
പ്രതാപം വീണ്ടെടുത്തോരാ
ഭക്തിതന്നുടെ നേര്‍വഴി
വിശ്വാസത്തിലിളക്കം തെ-
ല്ലുണ്ടാകാത്ത മനം വഴി
തുടര്‍ന്ന പാതയില്‍ കൂമ്പു-
മുളച്ചുള്ളോരഹമ്മതി
അതിന്റെ ബഹു സാഹസ്യ
ഭ്രമത്തില്‍ ബലിതന്‍ വഴി
അതുപോയാല്‍ ബലിക്കും ഹാ
സുതലം താനതിന്‍ വഴി
ഭൂമിക്ക് നാഥനായ് വന്നാന്‍
വാമനത്വവരം വഴി
അതു ഭാരമൊഴിപ്പിക്കും
പ്രപഞ്ചത്തില്‍ യഥാവിധി
മഹാബലി വസിക്കുന്നൂ
സുതലത്തില്‍ അതേ, വിധി
അഹം ബുദ്ധി കെടാനുള്ളോ-
രതി സംസ്‌കൃത നേര്‍വഴി
വരവേല്‍ക്കാം വാമനത്വ
പ്രഘോഷണ മഹാഗതി
അതിലേ പ്രാപ്യമായീടൂ
അഹന്തയ്‌ക്കങ്ങധോഗതി.
















