ഹെല്‍സെങ്കി: വിദേശനയവുമായി ബന്ധപ്പെട്ട് ഭാരതത്തോട് കൂടുതല്‍ മാന്യമായ സമീപനം വേണമെന്ന് ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്സാണ്ടര്‍ സ്റ്റൂബ്. വിദേശനയം കൂടുതല്‍ സഹകരണപരമായില്ലെങ്കില്‍ ഈ കളിയില്‍ തോല്‍ക്കുമെന്ന് യുഎസിന് നല്‍കിയ സന്ദേശത്തില്‍ സ്റ്റൂബ് പറഞ്ഞു.
”എന്റെ യൂറോപ്യന്‍ സഹപ്രവര്‍ത്തകരോട് മാത്രമല്ല, പ്രത്യേകിച്ച് യുഎസിനോട് പറയുന്നു, ഭാരതത്തെപ്പോലൊരു ഗ്ലോബല്‍ സൗത്ത് രാജ്യത്തോട് കൂടുതല്‍ സഹകരണപരവും മാന്യവുമായ ഒരു വിദേശനയം രൂപപ്പെടുത്തിയില്ലെങ്കില്‍, നമ്മള്‍ ഈ കളിയില്‍ തോല്‍ക്കും,” സ്റ്റൂബ് പറഞ്ഞു. ചൈനയിലെ ടിയാന്‍ജിനില്‍ അടുത്തിടെ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും പങ്കെടുത്ത ഉച്ചകോടി നേരിടാന്‍ പോകുന്ന അപായത്തെ കുറിച്ച് ഗ്ലോബല്‍ വെസ്റ്റിലുള്ള രാജ്യങ്ങള്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തലാണെന്നും അദ്ദേഹം പറഞ്ഞു.
ട്രംപുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് അലക്സാണ്ടര്‍ സ്റ്റൂബ്. മാര്‍ച്ചില്‍ ട്രംപിന്റെ ഫ്‌ളോറിഡയിലുള്ള റിസോര്‍ട്ടില്‍ ഏഴ് മണിക്കൂര്‍ ഗോള്‍ഫ് കളിക്കിടെയാണ് ഇരുവരും തമ്മില്‍ സൗഹൃദം സ്ഥാപിച്ചത്. ഡൊണാള്‍ഡ് ട്രംപിനെ സ്വാധീനിക്കാന്‍ കഴിയുന്ന ചുരുക്കം ചില യൂറോപ്യന്‍ നേതാക്കളില്‍ ഒരാളാണ് സ്റ്റൂബ് എന്നാണ് റിപ്പോര്‍ട്ട്.
റഷ്യയുമായുള്ള സാഹചര്യം ചര്‍ച്ചചെയ്യുന്നതിനായി ആഗസ്ത് ആദ്യം ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമീര്‍ സെലെന്‍സ്‌കിക്കൊപ്പം വൈറ്റ് ഹൗസിലും സ്റ്റൂബ് എത്തിയിരുന്നു. ട്രംപ് സ്റ്റൂബിനെ ചെറുപ്പക്കാരനും കരുത്തനുമായ മനുഷ്യനെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
















