ഇടുക്കി: മൂന്നാര്‍ ഗവണ്‍മെന്റ് കോളേജിലെ അധ്യാപകനെ കുടുക്കിയ വ്യാജ പീഡനക്കേസില്‍ തന്റെ നേതൃത്വത്തിലാണ് വ്യാജപരാതി തയാറാക്കിയതെന്ന ആരോപണം തളളി മുന്‍ എം എല്‍ എ എസ്. രാജേന്ദ്രന്‍.ഇക്കാര്യത്തില്‍, കുടുങ്ങിയ അധ്യാപകന്‍ ആനന്ദ് വിശ്വനാഥിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് രാജേന്ദ്രന്‍ പറഞ്ഞു.
അധ്യാപകനെതിരെ പരാതി നല്‍കിയ ശേഷം പരാതിക്കാരികള്‍ തന്നെ സമീപിച്ചിരുന്നുവെന്നും തങ്ങളെ അദ്ദേഹം മാനസികമായി ഉപദ്രവിക്കുന്നു എന്നുള്‍പ്പെടെ പെണ്‍കുട്ടികള്‍ തന്നോട് പരാതിപ്പെട്ടിരുന്നു എന്നും സി പി എം നേതാവ് എസ്. രാജേന്ദ്രന്‍ വെളിപ്പെടുത്തി. അഞ്ചോളം പെണ്‍കുട്ടികള്‍ അധ്യാപകനെതിരെ പരാതിയുമായി തന്നെ കണ്ടുവെന്നാണ് രാജേന്ദ്രന്‍ പറയുന്നത്.
അധ്യാപകനെതിരെ അന്വേഷണം നടത്തിയ ശേഷം നടപടി സ്വീകരിക്കണമെന്നാണ് പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടത്. പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് വീണ്ടും പെണ്‍കുട്ടികള്‍ പറഞ്ഞപ്പോള്‍ അന്വേഷിക്കാമെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്ന് എസ്. രാജേന്ദ്രന്‍ വെളിപ്പെടുത്തി.















