കൊച്ചി:ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വ്യവസായിക്ക് 25 കോടി രൂപ നഷ്ടമായ കേസ് കൊച്ചി ഡിസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. 23 അക്കൗണ്ടുകളിലൂടെ 96 ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും രാജ്യത്തിന് പുറത്തും ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. രാജ്യം കണ്ട ഏറ്റവും വലിയ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പ് കണക്കിലെടുത്താണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
ഡാനിയേല്‍ എന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് ക്യാപിറ്റാലിക്‌സ് എന്ന തട്ടിപ്പ് വെബ്‌സൈറ്റിലേക്ക് കടവന്ത്ര സ്വദേശി നിമേഷിനെ എത്തിച്ചത്. ഇയാളെ പ്രതി ചേര്‍ത്തിട്ടുണ്ടെങ്കിലും ഈ പേര് വ്യാജമാണെന്ന നിഗമനത്തിലാണ് പൊലീസ്. ഈ കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കാലിഫോര്‍ണിയയിലാണ്. ആദ്യം വാട്ട്‌സ് ആപ്പിലൂടെയും പിന്നീട് ടെലഗ്രാം വഴിയും പ്രതികള്‍ നിമേഷുമായി ബന്ധപ്പെട്ടു. ആദ്യം ലാഭം ലഭിച്ചെങ്കിലും പിന്നീടാണ് തട്ടിപ്പ ആണെന്ന് മനസിലായത്.
പണം പോയിരിക്കുന്നതെല്ലാം ഇന്ത്യന്‍ അക്കൗണ്ടുകളിലേക്കാണ്. ഒരു ബാങ്കിന്റെ വിവിധയിടങ്ങളിലെ അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിച്ചിട്ടുള്ളത്.
















