മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം ‘ഹൃദയപൂര്‍വ’ത്തെക്കുറിച്ച് ഹോമിയോ ഡോക്ടര്‍ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ചിത്രത്തില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ, നട്ടെല്ലിന് പരുക്കേല്‍ക്കുന്ന സന്ദീപ് ബാലകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. നടുവേദനയുള്ള ആളായി മോഹന്‍ലാല്‍ തന്നെ സ്ക്രീനിൽ അദ്ഭുതപ്പെടുത്തിയെന്ന് ഡോ. ബിജു ജി നായർ കുറിച്ചു. തന്റെ 32 വര്‍ഷത്തെ ചികിത്സാനുഭവത്തിനിടെ ഇത്തരത്തിലുള്ള നിരവധി പേരെ കണ്ടിട്ടുണ്ടെന്ന് ഡോക്ടര്‍ പറയുന്നു.
‘‘ഇതൊരു ഫിലിം റിവ്യൂ അല്ല. ഫിലിം റിവ്യൂ ചെയ്യാനുള്ള റേഞ്ച് ഒന്നും ഇല്ലാത്ത ഒരു പ്രേക്ഷകനാണ് ഞാൻ. ഇതിൽ നടുവ് വേദനയുള്ള ഒരാളുടെ മാനറിസങ്ങൾ എത്ര പെർഫക്റ്റായാണ് ലാലേട്ടൻ ചെയ്തിരിക്കുന്നത് എന്നത് ഏറെ അദ്ഭുപ്പെടുത്തി. കഴിഞ്ഞ 32 വർഷത്തെ ചികിത്സാനുഭവത്തിനിടയിൽ, ഇതുപോലെയുള്ള എത്രയോ പേരെ കണ്ടത് ഓർമ വന്നു. ഇനി ശരിക്കും പ്രശ്നം ഉണ്ടോ എന്ന് വരെ തോന്നി പ്പോയി. ഒരു പടിക്കെട്ട് ഇറങ്ങി വരുന്ന സീൻ ഉണ്ട്.. ഒരിക്കലും മറക്കില്ല. നല്ല സിനിമ എന്ന് പ്രത്യേകം എടുത്തു പറയുന്നില്ല. ഓരോ പ്രാവശ്യവും കാണുമ്പോൾ അഭിനയത്തിന്റെ വിസ്മയമായി ലാലേട്ടൻ ഞെട്ടിക്കുന്നുവെന്നത് പറയാതെ വയ്യ.’’–ഡോ. ബിജുവിന്റെ വാക്കുകൾ
പത്ത് വർഷത്തിനുശേഷം സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സോനു ടി.പി.യുടേതാണ് തിരക്കഥ. മാളവിക മോഹനൻ നായികയായെത്തുന്നു. ലാലു അലക്സ്, സിദ്ദീഖ്, സംഗീത് പ്രതാപ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
















