തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം നടത്താനുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ വെട്ടില്‍. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുമെന്ന ഉറപ്പില്‍ പിന്തുണ നല്കി എന്‍എസ്എസ്, എസ്എന്‍ഡിപി യോഗം സംഘടനകള്‍. എന്നാല്‍ യുവതി പ്രവേശ നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്മാറരുതെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. ഇതോടെ ശബരിമല ആചാര സംരക്ഷണത്തില്‍ നിലപാടെടുക്കാനാകാതെ സര്‍ക്കാര്‍ വെട്ടിലായി.
ശബരിമല യുവതി പ്രവേശത്തെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന സമിതിയുടെ കണ്‍വീനറായിരുന്നു പുന്നല ശ്രീകുമാര്‍. അന്നത്തെ നിലപാടില്‍ നിന്ന് സര്‍ക്കാരിന് പിന്നോട്ടു പോകാനാകില്ലെന്നും പരിഷ്‌ക്കരണ ചിന്തയില്‍ നിന്ന് പിന്മാറിയാല്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്നുമാണ് കെപിഎംഎസ് (പുന്നല വിഭാഗം) വ്യക്തമാക്കിയത്. സര്‍ക്കാര്‍ നിലപാട് തിരുത്തിയാല്‍ വലിയ വില നല്‌കേണ്ടിവരും. സംസ്ഥാന സര്‍ക്കാര്‍ നയപരമായ തീരുമാനം ഇക്കാര്യത്തില്‍ എടുത്തിട്ടുണ്ട്.
ദേവസ്വം ബോര്‍ഡിന്റെ തലയില്‍ കെട്ടിവച്ച് സര്‍ക്കാരിന് ഒഴിയാനാകില്ല. പരിഷ്‌കൃത സമൂഹത്തെ നയിക്കാന്‍ സര്‍ക്കാരിന് കഴിയുമോ എന്നുമാണ് പുന്നല ശ്രീകുമാര്‍ ചോദിച്ചത്. യുവതി പ്രവേശം അടഞ്ഞ അധ്യായമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാടും കെപിഎംഎസ് തള്ളിക്കളഞ്ഞു. ഗോവിന്ദന്റേത് കാഷ്വല്‍ സ്റ്റേറ്റ്‌മെന്റ് മാത്രമാണെന്നാണ് കെപിഎംഎസിന്റെ നിലപാട്. രാഷ്‌ട്രീയ വിവാദം അനാവശ്യമാണെന്നും ആഗോള അയ്യപ്പ സംഗമത്തില്‍ കെപിഎംഎസ് പങ്കെടുക്കുമെന്നും പുന്നല ശ്രീകുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ശബരിമല ആചാര സംരക്ഷണം ഉറപ്പാക്കികൊണ്ടുള്ള ഉപാധികളോടെയാണ് എസ്എന്‍ഡിപി യോഗവും എന്‍എസ്എസും ആഗോള അയ്യപ്പ സംഗമത്തെ അനുകൂലിച്ചതും പ്രതിനിധികളെ അയക്കുമെന്ന് വ്യക്തമാക്കിയതും.
കെപിഎംഎസിന്റെ നിലപാട് എന്‍എസ്എസും എസ്എന്‍ഡിപിയും മുന്നോട്ടുവച്ച ഉപാധികള്‍ക്ക് എതിരാണ്. മാത്രമല്ല ശബരിമല റിവ്യൂഹര്‍ജിയിലെ സത്യവാങ്മൂലവും പ്രക്ഷോഭ സമയത്തെ കേസുകളും പിന്‍വലിക്കണമെന്നുമുള്ള ശക്തമായ ആവശ്യവുമായി ബിജെപിയും രംഗത്തുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ റിവ്യൂഹര്‍ജിയില്‍ പുതിയ സത്യവാങ്മൂലം നല്‍കുമെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിലപാട് മാറ്റുമോ എന്ന കാര്യത്തില്‍ വ്യക്തതവരുത്താന്‍ ദേവസ്വം മന്ത്രി തയാറായിട്ടില്ല. ഭക്തജന, ക്ഷേത്ര സംഘടനകളെ ക്ഷണിക്കേണ്ടെന്നാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.
എന്നാല്‍ യുവതിപ്രവേശത്തെ അനുകൂലിക്കുന്ന നവോത്ഥാന സമിതിയിലെ നേതാക്കളെയൊക്കെ ക്ഷണിച്ചിട്ടുമുണ്ട്. പ്രതിപക്ഷ നേതാവിനെ നേരിട്ട് ക്ഷണിക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ശ്രമിച്ചെങ്കിലും കാണാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തയാറായിട്ടില്ല.
















