തിരുവനന്തപുരം:ഗവര്‍ണറുമായുള്ള അഭിപ്രായഭിന്നതകള്‍ക്കിടെ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിലേക്ക് രാജ്ഭവനിലെത്തി ഗവര്‍ണറെ ക്ഷണിച്ച് മന്ത്രിമാരായ വി ശിവന്‍കുട്ടിയും പിഎ മുഹമ്മദ് റിയാസും . ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി ഓണക്കോടിയും സമ്മാനിച്ചാണ് മന്ത്രിമാര്‍ രാജ്ഭവനില്‍ നിന്ന് മടങ്ങിയത്.
സര്‍വകലാശാലകളിലെ വിസി നിയമന തര്‍ക്കം, ഭാരതാംബ തുടങ്ങി വിവിധ വിഷയങ്ങളില്‍ ഗവര്‍ണര്‍ക്കെതിരെ പരസ്യമായി മന്ത്രിമാര്‍ പ്രതികരിച്ചിരുന്നു. കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉള്‍പ്പെടുത്തിയ പരിപാടിയില്‍ നിന്ന് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയിരുന്നു.
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടരവെയാണ് ഓണം ആഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയ്‌ക്ക് ഗവര്‍ണറെ മന്ത്രിമാര്‍ നേരിട്ടെത്തി ക്ഷണിച്ചത്. ഓണം വാരാഘോഷം സമാപന ദിവസത്തെ ഘോഷയാത്രയുടെ ഫ്‌ലാഗ് ഓഫ് ഗവര്‍ണര്‍ നിര്‍വഹിക്കും
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ രാജ്ഭവനില്‍ സംഘടിപ്പിച്ച അറ്റ്‌ഹോം വിരുന്ന് സല്‍ക്കാരം മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചിരുന്നു.സല്‍ക്കാരത്തിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയം ക്ഷണിച്ചങ്കിലും പരിപാടിയില്‍ മന്ത്രിസഭയില്‍ നിന്ന് ആരും പങ്കെടുത്തിരുന്നില്ല. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി മാത്രം വിരുന്നില്‍ പങ്കെടുത്തു.















