ഛണ്ഡിഗഡ് : പഞ്ചാബിൽ സനൗർ മണ്ഡലത്തിൽ നിന്നുള്ള ആം ആദ്മി പാർട്ടി എംഎൽഎ ഹർമീത് സിംഗ് ധില്ലൺ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതായി പഞ്ചാബ് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ബലാത്സംഗക്കേസിലെ പ്രതിയായ എംഎൽഎ ഹർമീത് സിംഗ് ധില്ലൺ അറസ്റ്റിനുശേഷം ലോക്കൽ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതായിട്ടാണ് റിപ്പോർട്ടുകൾ.
പഞ്ചാബ് പോലീസ് പറയുന്നതനുസരിച്ച് എഎപി എംഎൽഎ ഹർമീത് സിംഗ് ധില്ലണും കൂട്ടാളികളും ഓടിപ്പോകുന്നതിനിടെ പോലീസുകാർക്കെതിരെ വെടിയുതിർക്കുകയും ചെയ്തു. എംഎൽഎ ഹർമീത് ഒരു പോലീസുകാരന്റെ മേൽ തന്റെ കാർ ഇടിച്ചുകയറ്റിയെന്നും റിപ്പോർട്ടുണ്ട്.
എംഎൽഎയും കൂട്ടാളികളും ഒരു സ്കോർപിയോയിലും ഫോർച്യൂണർ കാറിലുമാണ് രക്ഷപ്പെട്ടത്. ഫോർച്യൂണർ കാർ പോലീസ് പിടികൂടി, പക്ഷേ എംഎൽഎ സ്കോർപിയോയിൽ ഒളിവിലാണ്. പോലീസ് സംഘം എംഎൽഎയെ പിന്തുടരുന്നുണ്ടെന്നാണ് വിവരം.
















