തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വൈസ് ചാന്‍സിലര്‍ നിയമന പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ മാറ്റണമെന്ന് ഗവർണർ. ഇതുസംബന്ധിച്ച് ഗവർണർ സുപ്രീംകോടതിയിൽ ഹർജി നൽകി. നേരത്തേ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ നിന്ന് വ്യത്യസ്തമാണ് കേരളത്തിലെ സാങ്കേതിക സര്‍വകലാശാലയിലെയും ഡിജിറ്റല്‍ സര്‍വകലാശാലയിലെയും സാഹചര്യമെന്ന് ഗവര്‍ണര്‍ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
സെര്‍ച്ച് കമ്മിറ്റിയിൽ യുജിസി പ്രതിനിധി വേണമെന്നും സുപ്രീം കോടതി ഉത്തരവ് പരിഷ്കരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയതായി നിയമിച്ച പാനലിൽ പേരുകൾ സമർപ്പിക്കേണ്ടത് ചാൻസിലർക്ക് ആണെന്നും ഗവർണർ വ്യക്തമാക്കി. സെര്‍ച്ച് കമ്മിറ്റിയില്‍ കേരളത്തിന്റെ രണ്ട് പ്രതിനിധികളും ചാന്‍സിലറുടെ രണ്ട് പ്രതിനിധികളും ഉള്‍പ്പെടെ അഞ്ചംഗ സമിതിക്കാണ് നേരത്തേ രൂപം നല്‍കിയിരുന്നത്. ഇത് യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്നും അതിനാല്‍ യുജിസി പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
വൈസ് ചാന്‍സിലര്‍ നിയമനത്തിൽ മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുൻഗണനാക്രമത്തിലാണ് ഗവര്‍ണര്‍ നിയമനം നടത്തേണ്ടത് എന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന പാനലില്‍ മുഖ്യമന്ത്രിക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കാമെന്നും അതേ മുൻഗണനാക്രമത്തിൽ നിയമനം നടത്തണമെന്നുമാണ് സുപ്രീം കോടതി ഉത്തരവിട്ടത്.
















