ജപയോഗത്തിലൂടെ പരമപുരുഷാര്‍ത്ഥം നേടാമെന്ന ആര്‍ഷ വചനത്തിന്റെ പ്രയോക്താവായിരുന്നു പറപ്പൂരമ്മയെന്നും ഊരകത്തമ്മയെന്നും അറിയപ്പെട്ടിരുന്ന തൃപ്രയാര്‍ ശിവയോഗിനിയമ്മ. 1923 മാര്‍ച്ച് 10 ന് തൃക്കേട്ട നക്ഷത്രത്തിലാണ് അമ്മ ഭൂജാതയായത്. രോഗമാണ് തന്റെ ഗുരുവെന്ന് അമ്മ പറയാറുണ്ടായിരുന്നു. നീണ്ട 22 വര്‍ഷങ്ങള്‍ രോഗബാധിതയായിരുന്നു. മുപ്പത്തി രണ്ടാം വയസില്‍ രോഗങ്ങളില്‍നിന്നും മുക്തയായ ശിവയോഗിനി വിശ്വമംഗളാര്‍ത്ഥം ലോകസേവനത്തിനു തയ്യാറായി. ഭക്തന്മാരുടെ ആത്മീയ ഉല്‍ക്കര്‍ഷം കണക്കിലെടുത്ത് നിരവധി പ്രതിഷ്ഠകള്‍ നിര്‍വഹിച്ചു. അമ്മയുടെ പ്രതിഷ്ഠകളുടെ ശില്‍പിയും തന്ത്രിയും അമ്മതന്നെയാണ്. ആത്മാവിഷ്‌കാരമായ ഈ തത്ത്വപ്രതിഷ്ഠകള്‍ ആധ്യാത്മിക രംഗത്ത് നിത്യനൂതനമായതാണ്.
1974 ഒക്ടോബര്‍ 25 ന് വിജയദശമിയില്‍ അമ്മ വലപ്പാട് കടല്‍ത്തീരത്ത് ബ്രഹ്‌മതേജോമയ ക്ഷേത്രം സ്ഥാപിച്ചു. ഏറ്റവും താഴെ കടല്‍, കടല്‍പരപ്പില്‍ ചെമ്മീന്‍, അതിനു മേലെ തോണി, തോണിയില്‍ ശൂലം, ശൂലത്തിന്മേല്‍ തൃക്കണ്ണ്, ശൂലത്തിന്റെ തലയ്‌ക്കല്‍നിന്നും ഗംഗാദേവി താഴേക്ക് പതിക്കുന്നതായാണ് പ്രതിഷ്ഠാ സങ്കല്‍പ്പം. ഇവിടെ പൂജയോ ഹോമമോ മറ്റ് വഴിപാടുകളോ ഇല്ല. നാമജപമാണ് മുഖ്യം. കൊടിയമ്പുഴ ദേവസ്വത്തിനു കീഴിലാണ് ക്ഷേത്രം. മണ്‍മറഞ്ഞവരുടെ അസ്ഥികള്‍ സമുദ്രത്തില്‍ ഒഴുക്കി കുളിച്ച് ശുദ്ധമായി ക്ഷേത്രദര്‍ശനം നടത്തി സായുജ്യമടയാവുന്ന തൃശൂര്‍ ജില്ലയിലെ പ്രധാന തീര്‍ത്ഥസ്ഥാനമായി മാറിയിരിക്കുന്നു ഇന്ന് ബ്രഹ്‌മതീരം.
അമ്മയുടെ തൊണ്ണൂറാമത് ജന്മദിനത്തോടനുബന്ധിച്ച് 2013 മാര്‍ച്ചില്‍ സമുദ്രതീരത്ത് വരുണ മഹായജ്ഞം നടക്കുകയുണ്ടായി.
1981 മാര്‍ച്ച് ഒന്നിന് മഹാസമാധിയായ അമ്മയുടെ പൂര്‍ണ്ണകായ പ്രതിമയുടെ അനാച്ഛാദനവും തൃപ്പടി സമര്‍പ്പണവും ഇന്നലെ ക്ഷേത്രാങ്കണത്തില്‍ നടന്നു. പരിപാടിയുടെ ഭാഗമായി കൊടിയമ്പുഴ ദേവസ്വത്തിന്റെ കീഴിലുളള കുടുംബങ്ങളിലെ കുട്ടികള്‍ക്ക്, ‘മകള്‍ക്ക് ഒരു മരം’ എന്ന പദ്ധതിയില്‍ ഓരോ ചന്ദനമരം വീതം നല്‍കുകയും ചെയ്തു.
















