തിരുവനന്തപുരം: ലൈംഗികാരോപണത്തില്‍ പെട്ടെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന അഭിപ്രായമാണ് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും. ആരോപണം ഉന്നയിച്ചവര്‍ ആരും ഇതുവരെ പരാതി കൊടുത്തിട്ടില്ലെന്ന് പറഞ്ഞാണ് രാഹുലിന് പിന്തുണ നല്‍കുന്നത്.
എന്നാല്‍,വിശദീകരണം പോലും ചോദിക്കാതെ സസ്‌പെന്‍ഡ് ചെയ്തതിലെ അതൃപ്തിയാണ് എ ഗ്രൂപ്പുകാര്‍ക്ക്. ഈ മാസം പതിനഞ്ചിനാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്. രാഹുല്‍ അവധിയെടുത്ത് മാറി നില്‍ക്കുന്നതാണ് ഇക്കാര്യത്തില്‍ ഭരണപക്ഷത്തിന്റെ വായടിപ്പിക്കാന്‍ നല്ലതെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അനുകൂലികളുടെ പക്ഷം.
സസ്‌പെന്‍ഷനെ അനുകൂലിച്ചവരും സഭയില്‍ നിന്ന് രാഹുലിനെ വിലക്കാനാവില്ലെന്ന നിലപാടാണ് സ്വീകരിച്ചിട്ടുളളത്. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ വന്നാലും സമാന ആരോപണം നേരിടുന്നവരെ ചൂണ്ടി ഭരണപക്ഷത്തെ നേരിടാമെന്നാണ് ഇവരുടെ പക്ഷം.
രാഹുലിനെതിരെ ഇതുവരെ പരാതിയില്ലെന്ന് ചൂണ്ടിക്കാട്ടിയ കെ മുരളീധരന്‍ നിയമസഭയില്‍ വരുന്നതില്‍ തടസമില്ലെന്നും പറഞ്ഞു. ശരിയായ കോഴികള്‍ ഭരണപക്ഷത്തുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം, രാഹുലിനെതിരെ കടുത്ത നടപടിയാണ് എടുത്തതെന്നും മാറ്റി നിര്‍ത്തല്‍ തത്കാലത്തേക്കെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. രാഹുല്‍ പങ്കെടുക്കാന്‍ തീരുമാനിച്ചാല്‍ സംരക്ഷണം നല്‍കേണ്ടത് നിയമസഭാ സെക്രട്ടേറിയറ്റിന്റെയും സര്‍ക്കാരിന്റെയും നിയമപരമായ ബാധ്യതയാണെന്ന് മുന്‍ മന്ത്രി കെസി ജോസഫ് പ്രതികരിച്ചു.
















