പാലക്കാട് : അപകടത്തില്‍ കൈ അറ്റു പോയി യുവതി മരിച്ച സംഭവത്തില്‍ മറ്റൊരു വാഹനം ഇടിച്ചതിന് തെളിവുകള്‍ ഇല്ലെന്ന് പൊലീസ്. ദൂരെ നിന്നുള്ള സിസിടിവി പരിശോധിച്ചതില്‍ മറ്റേതെങ്കിലും വാഹനം ഇടിച്ചതിന്റെ ദൃശ്യങ്ങള്‍ ഇല്ല.
ദേശീയപാതയില്‍ നിയന്ത്രണം തെറ്റി സ്കൂട്ടര്‍ മറിഞ്ഞിരിക്കാം എന്നാണ് നിഗമനം. കോയമ്പത്തൂര്‍ എജെകെ കോളേജ് അധ്യാപിക പാലക്കാട് ചക്കാന്തറ സ്വദേശിനി ആന്‍സിയാണ്(36) രാവിലെ 11 മണിയോടെ ഉണ്ടായ അപകടത്തില്‍ മരിച്ചത്.
പുതുശേരി പഞ്ചായത്ത് ഓഫീസിന് സമീപമാണ് അപകടം. ആന്‍സി ഓടിച്ച സ്കൂട്ടര്‍ സര്‍വീസ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
ആന്‍സിയുടെ കൈ മുട്ടിനു താഴെയാണ് അറ്റുപോയത്. കോയമ്പത്തൂരിലെ ഗംഗ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി വാളയാറില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. പാലക്കാട് കൈകുത്തിപറമ്പ് സ്വദേശി വിപിന്റെ ഭാര്യയാണ് ആന്‍സി.
















