തിരുവനന്തപുരം : കേരളത്തിലെ ആരോഗ്യ മേഖല രോഗശയ്യയില്‍ ആണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.ചില മാധ്യമങ്ങളാണ് ഇതിന് പിന്നിലെന്നും അത്തരം അജണ്ടകള്‍ വില പോവുകയില്ലെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 15 പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ വിമര്‍ശനം. എത്ര ശ്രമിച്ചാലും ആരോഗ്യമേഖല മുന്നോട്ട് പോകുന്നുണ്ടെന്നും സാധാരണക്കാരെ സര്‍ക്കാര്‍ ചേര്‍ത്തുപിടിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളെ മുഖ്യമന്ത്രി വിമര്‍ശിച്ചു.സംസ്ഥാനത്തെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ വിദേശത്തുള്ള വന്‍ കമ്പനികള്‍ നിക്ഷേപം നടത്തുന്നുണ്ടെന്നും അവര്‍ ചെലവാക്കുന്ന പണം കൂടുതല്‍ ലാഭമാക്കി തിരിച്ചെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ആരോഗ്യരംഗം മെച്ചപ്പെടുക എന്നതല്ല അവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
















