ടിയാന്‍ജിന്‍(ചൈന): ഇരട്ടത്തീരുവ അടിച്ചേല്‍പ്പിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ ചൈനയിലെ ടിയാന്‍ജിനില്‍ കരുത്തുറ്റ രാജ്യങ്ങളുടെ കൂട്ടായ്‌മ. ഷാങ്ഹായ് സഹകരണ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് ഭാരതം, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ബ്രിക്‌സ്, എസ്‌സിഒ സഖ്യം കരുത്താര്‍ജിക്കുന്നത്.
ബ്രസീല്‍, റഷ്യ, ഭാരതം ,ചൈന, ദക്ഷിണാഫ്രിക്ക എന്നിവ സ്ഥാപക അംഗങ്ങളായുള്ള ബ്രിക്‌സില്‍ സൗദി അറേബ്യ, യുഎഇ, ഇറാന്‍, എത്യോപ്യ, ഈജിപ്റ്റ്, അര്‍ജന്റീന എന്നിവയും അംഗങ്ങളാണ്. 2001ല്‍ രൂപീകരിച്ച എസ്‌സിഒയില്‍ ചൈന, റഷ്യ, കസാക്സ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജികിസ്ഥാന്‍, ഉസ്‌ബെകിസ്ഥാന്‍ എന്നിവയാണുണ്ടായിരുന്നത്. 2017ല്‍ ഭാരതവും അംഗമായി.
ഭാരതത്തിനും ചൈനയ്‌ക്കും റഷ്യയ്‌ക്കുമെതിരെ കനത്ത തീരുവയുള്‍പ്പെടെയുള്ള നടപടികളുമായി ട്രംപ് മുന്നോട്ടുപോകുമ്പോള്‍ ഈ മൂന്നു രാജ്യങ്ങളുടെയും നേതാക്കള്‍ ഒറ്റവേദിയില്‍ ഒന്നിക്കുന്ന എസ്‌സിഒ ഉച്ചകോടി ലോകശ്രദ്ധ നേടുകയാണ്. ട്രംപിന്റെ കടുത്ത തീരുവ നയങ്ങള്‍ ഭാരത- ചൈന ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന വിലയിരുത്തല്‍ അന്താരാഷ്‌ട്ര നയതന്ത്ര വിദഗ്ധര്‍ നല്കിയിരുന്നു.
ലോക ജിഡിപിയുടെയും വ്യാപാരത്തിന്റെയും മുഖ്യപങ്കുവഹിക്കുന്ന രാജ്യങ്ങളാണ് ബ്രിക്‌സിലുള്ളത്. മോദി- ഷി ജിന്‍പിങ് മോദി-പുടന്‍ കൂടിക്കാഴ്ചകള്‍ നിര്‍ണായകമായി.
റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്ന സൂചനയും ഭാരതം നല്കി. മോദിയുമായി ഉക്രൈന്‍ പ്രധാനമന്ത്രി വ്‌ളോദിമിര്‍ സെലെന്‍സ്‌കി കഴിഞ്ഞദിവസം സംസാരിച്ചിരുന്നു. ഭാരതത്തിലേക്ക് വീണ്ടും ചൈനീസ് നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതും മോദി-ഷി ചര്‍ച്ചയില്‍ സജീവമായി ഉയര്‍ന്നു എന്നാണ് സൂചന.
















