കോട്ടയം: ബിന്ദു അമ്മിണിയെ ശബരിമല അയ്യപ്പസ്വാമി സന്നിധാനത്തേക്ക് സർക്കാർ പോലീസ് സംരക്ഷണയിൽ ഭക്തരെ തല്ലിച്ചതച്ച് ആനയിക്കുന്നതിന് നേതൃത്വം നൽകിയ ദേവസ്വം മന്ത്രി വിശ്വാസികൾക്ക് മുമ്പിൽ തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് അപേക്ഷിക്കണമെന്ന് ബിജെപി നേതാവ് എൻ.ഹരി. ആചാരലംഘനത്തിന് കുടപിടിച്ച് വിശ്വാസികളുടെ ചോരച്ചാലിൽ ആഹ്ളാദിച്ച നാസ്തിക ഭരണകൂടത്തിലെ അസുര ജന്മങ്ങളാണ് നിങ്ങൾ ഓരോരുത്തരും.
യഥാർത്ഥ അയ്യപ്പഭക്തർക്ക് ആണ് ശബരിമല അയ്യപ്പ സംഗമത്തിൽ പ്രവേശനമെന്നാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ബിന്ദു അമ്മിണിക്ക് അവിടെ കാര്യമില്ലെന്നും പറയുന്നു. ബിന്ദു അമ്മിണിയെയും രഹന ഫാത്തിമയെയും പാർട്ടി അടിമകളായ പോലീസുകാരെ കൊണ്ട് ശബരിമലയിൽ ദർശനത്തിന് എത്തിച്ചത് എന്തിനെന്ന് വാസവൻ തുറന്നുപറയണം. എന്തിന് പരിപാവനമായ ശബരിമലയെ സംഘർഷ വേദിയാക്കി.
ബിന്ദു അമ്മിണിയുടെ വക്താക്കളായി വന്ന് സൈബർ ഇടത്തിൽ വിശ്വാസികളെ അസഭ്യവർഷം നടത്തിയ സഖാക്കളെ പിണറായിയും വാസവനും മറന്നുപോയോ.
മിസ്റ്റർ വാസവൻ അയ്യപ്പഭക്തരുടെ മനസ്സിലെ മുറിവ് കഴുകാൻ ഇതുകൊണ്ടാവില്ല. ബിന്ദു അമ്മിണിക്കായി മർദ്ദക ഭരണകൂടം സൃഷ്ടിച്ച ചോരച്ചാലുകൾ ഓരോ അയ്യപ്പഭക്തന്റെയും മായാത്ത കണ്ണുനീരാണ്.
അതിനായി കെട്ടിച്ചമച്ച കേസുകൾ, കള്ളക്കേസിൽ ജയിൽ അടച്ചവർ, സ്വതന്ത്ര ഇന്ത്യയിൽ ഹിന്ദു വിശ്വാസികളെ ഇത്രയധികം വേട്ടയാടിയ മറ്റൊരു സർക്കാരില്ല. അയ്യപ്പഭക്തരെ ക്രിമിനലുകൾ ആക്കി മാറ്റി പോലീസ് നരനായാട്ടാണ് അന്ന് നടത്തിയത്. അതിൻറെ രോഷവും വേദനയും ഉള്ളിലൊതുക്കി ജീവിക്കുന്ന വലിയൊരു ജനസമൂഹം ഇവിടെയുണ്ട്.
ഇരുട്ടി വെളുക്കുമ്പോഴുള്ള വെളിപാടുകൾ കൊണ്ട് ആ മുറിവുകൾ തുന്നി കെട്ടാൻ ആവില്ല.അത്ര ആഴത്തിലാണ് പോലീസ് നടപടിയുടെ ക്രൂരത പതിഞ്ഞിരിക്കുന്നത്. ശബരിമലയെ രാഷ്‌ട്രീയ പൊറോട്ടു നാടകങ്ങൾക്ക് വേദിയാക്കാനുള്ള ഇടമല്ല എന്ന് ഇനിയെങ്കിലും മാർക്സിറ്റ് പാർട്ടി മനസിലാക്കണമെന്നും എൻ.ഹരി പറഞ്ഞു.
















