തൊടുപുഴ: ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍ ഷാജന്‍ സ്‌കറിയയെ തൊടുപുഴയില്‍ മര്‍ദിച്ച സംഭവത്തില്‍ നാല് പേര്‍ ബംഗളുരുവിൽ പിടിയില്‍. ഇവരുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇന്ന് നാല് പേരെയും തൊടുപുഴയിലെത്തിച്ച് മൊഴിയെടുക്കും.
ബംഗളൂരുവില്‍ ഒളിവില്‍ കഴിയവേയാണ് പ്രതികള്‍ പിടിയിലായത്. സിഐ ഉള്‍പ്പെടെയുള്ള പ്രത്യേക സംഘമാണ് പ്രതികള്‍ക്കായി അന്വേഷണം നടത്തിവന്നത്. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍നടത്തിവരികയാണ്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ശനിയാഴ്ച വൈകുന്നേരം 6.45ഓടെ മങ്ങാട്ടുകവലയില്‍ വച്ചാണ് കറുത്ത ഥാര്‍ ജീപ്പിലെത്തിയ അഞ്ചുപേര്‍ ചേര്‍ന്നു ഷാജനെ മര്‍ദിച്ചത്. പരിക്കേറ്റ ഷാജനെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചിരുന്നു.
ഡിവൈഎഫ്‌ഐ മുന്‍ ഭാരവാഹിയുടെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് അധിക്ഷേപകരമായ വാര്‍ത്ത ഓണ്‍ലൈന്‍ ചാനലില്‍ അവതരിപ്പിച്ചുവെന്നാരോപിച്ചാണു സംഘം ഷാജനെ മര്‍ദിച്ചതെന്നു വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.
















