താമരശേരി:കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിച്ചുളള ആനക്കാംപൊയില്‍ – കള്ളാടി തുരങ്കപ്പാതയുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. തുരങ്കപാത 60 മാസംകൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
പദ്ധതി യാഥാര്‍ഥ്യമാകുന്നത് വയനാടിന്റെയും കോഴിക്കോടിന്റെയും മലയോര മേഖലയുടെ സമഗ്രവികസനത്തിന് വഴി തുറക്കും. ടൂറിസം, കാര്‍ഷിക, വ്യാപാര മേഖലകളില്‍ വന്‍ വികസനമാകും ഉണ്ടാകുക. താമരശേരി ചുരത്തിലെ ഹെയര്‍പിന്‍ വളവുകളില്‍ കയറാതെ വയനാട്ടിലേക്കുള്ള വേഗ മാര്‍ഗമാകും പുതിയ പാതയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബി വഴി 2,134 കോടി രൂപ ചെലവിട്ടാണ് നിര്‍മാണം.നാലുവരിയായാണ് പാത നിര്‍മ്മിക്കുന്നത്. കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ ലിമിറ്റഡ് (കെആര്‍സിഎല്‍) ആണ് നിര്‍വഹണ ഏജന്‍സി.നാലുവരിയില്‍ ഇരട്ട തുരങ്കങ്ങളായാണ് നിര്‍മാണം.തുരങ്ക ദൈര്‍ഘ്യം 8.11 കിലോമീറ്ററാണ് . ടണല്‍ വെന്റിലേഷന്‍, അഗ്നിശമന സംവിധാനം, ടണല്‍ റേഡിയോ സിസ്റ്റം, ടെലിഫോണ്‍ സിസ്റ്റം, ശബ്ദ സംവിധാനം,ട്രാഫിക് ലൈറ്റ്, സിസിടിവി, എസ്‌കേപ്പ് റൂട്ട് ലൈറ്റിംഗ്, എമര്‍ജന്‍സി കോള്‍ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്കപാതയിലുണ്ടാകും.
ആനക്കാംപൊയില്‍ സെന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, കെ.എന്‍. ബാലഗോപാല്‍, ഒ.ആര്‍.കേളു, എ.കെ.ശശീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















