എല്ലാവര്‍ഷവും ഓണം അടുക്കുമ്പോള്‍ വാമനനും മാവേലിയും മഹാബലിയും ഓണത്തപ്പനും ഓണപ്പൊട്ടനും തൃക്കാക്കരയപ്പനും പലരുടെയും ഓര്‍മ്മയില്‍ പൊട്ടിവിടരും. അത് ഭാവനയിലും കല്‍പ്പനയിലും വിരിയും. രണ്ടും വ്യത്യസ്തമാണ്. കല്‍പ്പനകളല്ല, ഭാവനകള്‍. കല്‍പ്പനകള്‍, അറിയാത്ത കാര്യങ്ങള്‍ സൂക്ഷ്മമായി അറിയാമെന്ന് ധരിച്ചും ധരിപ്പിച്ചും കെട്ടിച്ചമയ്‌ക്കുന്നതാണ്. ഭാവന അങ്ങനെയല്ല. അത് മുമ്പ് അനുഭവിച്ചതിനെ മറക്കാതിരിക്കലാണ്. അത് ധ്യാനമാണ്, സൃഷ്ടിയാണ്.
‘കല്‍പ്പന’ക്കാര്‍ ‘കച്ചവടക്കാ’രുമാണ്. ഓണം ഒരു വാണിഭകാലം കൂടിയാണ്. അത് ഇന്നുതുടങ്ങിയതല്ല. നമ്മുടെ പഴഞ്ചൊല്ലുകളിലൂടെ കടന്നുപോയാല്‍ അതിന് തെളിവേറെ. പക്ഷേ ഇന്നത്തെപ്പോലെയല്ല, ആ വാണിഭം ശുദ്ധകച്ചവടമായിരുന്നു. വില്‍ക്കുന്നവന്റെ ‘ലാഭ’മല്ല, വാങ്ങുന്നവന്റെ ലഭ്യതയായിരുന്നുവെന്നാണ് ആ ഭേദം. കള്ളപ്പറയില്ലാതിരുന്ന കാലം, കള്ളത്തരങ്ങളും.
കച്ചവടത്തിന്റെ ഇന്നത്തെ കൈകൊട്ടിക്കളിക്കാലത്ത് മാവേലി വരുന്നു, വാമനന്‍ വരുന്നു, അവരിലൂടെ ഓണം വരുന്നു. നിറച്ചിത്രമായി, വരയായി, ചലച്ചിത്രമായി ‘പ്രത്യക്ഷപ്പെടുന്ന’ വാമനന്മാരെ ശ്രദ്ധിച്ചിട്ടുണ്ടോ? മഹാബലികളെ ശ്രദ്ധിച്ചിട്ടുണ്ടോ? കോമാളികളായേ അവര്‍ വരൂ. അവര്‍ക്ക് ആരാണ് കോമാളിരൂപം കൊടുത്തത്? മഹാബലിയും മാവേലിയും ഓണത്തപ്പനും ഓണപ്പൊട്ടനും തമ്മില്‍ തിരിച്ചറിയാത്തവിധം എന്നാണ് കൂടിക്കുഴഞ്ഞുപോയത്? ആരാണ് കൂട്ടിക്കുഴച്ചത്? മഹാബലി ചരിതം പോലെ അതും അന്വേഷണ പഠനം അര്‍ഹിക്കുന്ന വിഷയങ്ങളാണ്. ചരിത്രത്തെ തെറ്റിവ്യാഖ്യാനിക്കുന്നവരുടെ ഭരണകാലത്ത് കേരളത്തിന്റെ ചരിത്രവും ഐതിഹ്യവും കഥയുമൊക്കെ കാര്യമറിയാതെയുള്ളതാകുമല്ലോ, അതുകൊണ്ടുതന്നെ കാമ്പില്ലാത്തതും.
മഹാബലിയും ഓണത്തപ്പനും ഒന്നല്ല. ഓണത്തപ്പനല്ല, തൃക്കാക്കരയപ്പന്‍. ഓണക്കാലത്ത് വരകളിലും വര്‍ണ്ണങ്ങളിലും വേഷങ്ങളിലുമായി സംഭവിക്കുന്ന ‘തത്സമയ അവതാര’ങ്ങളില്‍ കാണുന്നത് ഓണത്തപ്പനാണ്, അത് മഹാബലിയല്ല, ബലി പോലുമായിരിക്കില്ല; പിന്നെയല്ലേ മഹാബലി.
കുടവയറ്, കൊമ്പന്‍ മീശ, ഓലക്കുട, മെതിയടി, പട്ടുചേല, സ്വര്‍ണ മാല, ചില തിരുമണ്ടന്മാര്‍ ‘മഹാബലികള്‍ക്ക്’ പൂണൂലും ഇട്ടു കൊടുക്കും. (അതിന്റെ ഉദ്ദേശ്യം മഹാബലിയേയും വേണ്ടിവന്നാല്‍ വാമനനെപ്പോലെ ഒരു ‘സവര്‍ണ്ണ’നാക്കാനാണ് കേട്ടോ.)
കേട്ടിട്ടില്ലേ ഇങ്ങനെയൊരു പാട്ട്: ”ഓണത്തപ്പാ കുടവയറാ/ഇന്നോ നാളെയൊ തിരുവോണം..” ഓണത്തപ്പന്‍ മഹാബലിയാണെങ്കില്‍, തൃക്കാക്കരയപ്പന്‍ എന്ന വിഷ്ണുവിന്റെ അവതാരമൂര്‍ത്തി സങ്കല്‍പ്പമാണെങ്കില്‍ ഇതെങ്ങനെ ചേരും. അവരെന്താ കുശിനിപ്പണിക്കാരാണോ എന്ന് തിരിഞ്ഞുനിന്ന് ഇത്തരത്തില്‍ ചിത്രവും ചരിത്രവുമെഴുതുന്നവരോട് ചോദിക്കാന്‍ ആളില്ലാതാകുന്നത് എന്തുകൊണ്ടായിരിക്കും. ആ പാട്ടിങ്ങനെയാണ്:
”ഓണത്തപ്പാ കുടവയറാ!
ഇന്നോ നാളെയൊ തിരുവോണം?
നാളേയ്‌ക്കാണേ തിരുവോണം.
നാക്കിലയിട്ടു വിളമ്പേണം
ഓണത്തപ്പാ കുടവയറാ
തിരുവോണക്കറിയെന്തെല്ലാം?
ചേനത്തണ്ടും ചെറുപയറും
കാടും പടലവുമെരിശ്ശേരി
കാച്ചിയമോര്, നാരങ്ങാക്കറി,
പച്ചടി, കിച്ചടിയച്ചാറും!
ഓണത്തപ്പാ കുടവയറാ
ഇന്നോ നാളെയൊ തിരുവോണം?”
മഹാബലി കേരള രാജാവായിരുന്നു, ‘അധസ്ഥിത’നെ ‘ബ്രാഹ്മണന്‍’ ചതിച്ചു ചവിട്ടിത്താഴ്‌ത്തി, മഹാബലി ‘പെരുമാളാ’യിരുന്നു, മതംമാറി കേരളംവിട്ടു പോയി, തുടങ്ങിയ വ്യാജകഥകളും ഓണത്തപ്പനായുള്ള ആള്‍മാറാട്ടവും ഒക്കെ ഗൗരവതരമായി ചര്‍ച്ചയാകുകതന്നെ വേണം. ചരിത്രം തെറ്റിക്കരുത്, സംസ്‌കാരം വിസ്മരിക്കരുത്, ഭാഷ മറക്കരുത്- അങ്ങനെ തെറ്റിക്കലും മറക്കലും സംഭവിച്ചാല്‍, സമ്മതിച്ചാല്‍ അത് മനുഷ്യനെ ജീവിച്ചിരിക്കെ ജഡമാക്കി മാറ്റിക്കളയുകയേ ഉള്ളു. ‘ഭാവന’ വളരണം, ‘കല്‍പ്പന’കള്‍ക്ക് അതിരുണ്ടാവണം.
ചരിത്രവും സംസ്‌കാരവും ഭാഷയും തമ്മിലുള്ള ബന്ധം ആഴമേറിയതാണ്. നാട്ടുചരിത്രവും സാമൂഹ്യ പാഠവും നിറഞ്ഞ ആ ഭാഷയിലെ ചൊല്ലുകളും പ്രയോഗവും ശൈലികളും നിലനിര്‍ത്തിക്കൊണ്ടുപോകുന്നത് നമ്മുടെ സംസ്‌കാരത്തെക്കൂടിയാണ്. അതിനാല്‍ ഭാഷയെ പോഷിപ്പിക്കുക സാംസ്‌കാരിക പ്രവര്‍ത്തനംകൂടിയാണ്.
കടന്നുകയറ്റങ്ങള്‍ നമ്മുടെ കൈമുതലുകളെ ഓരോന്നായി അപഹരിക്കുന്ന കാലമാണിതും; കാലങ്ങളായി അതുനടക്കുന്നുണ്ട്. എന്നാല്‍, നാമറിയാതെ നമ്മെത്തന്നെ കള്ളന്‍കൊണ്ടുപോകുന്ന കാലമാണല്ലോ ഇപ്പോള്‍. ”കള്ളവുമില്ല ചതിയുമില്ല, പൊളിവചനം എള്ളോളമില്ല” എന്ന് പാടിപ്പുകഴ്‌ത്തുന്ന മാവേലിനാടുവാണ കാലത്തിനും എത്രയെത്രയോ മുമ്പ്, അങ്ങനെയായിരുന്നു നമ്മുടെ നാളുകളും നാടും. അദ്ധ്യാത്മരാമായണം കിളിപ്പാട്ടില്‍ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍, ശ്രീരാമന്റെ രാജ്യഭാരത്തിന്റെ കാലം ഇങ്ങനെ വിവരിക്കുന്നുണ്ട്.
”…വൈധവ്യദുഃഖം വനിതമാര്‍ക്കില്ലൊരു
വ്യാധിഭയവുമൊരുത്തര്‍ക്കുമില്ലല്ലോ
സസ്യപരിപൂര്‍ണയല്ലോ ധരിത്രിയും
ദസ്യുഭയവുമൊരേടത്തുമില്ലല്ലോ,
ബാലമരണമകപ്പെടുമാറില്ല
കാലേ വര്‍ഷിക്കുമല്ലോ ഘനങ്ങളും
രാമപൂജാപരന്മാര്‍ നരന്മാര്‍ ഭുവി
രാമനെ ധ്യാനിക്കുമേവരും സന്തതം
വര്‍ണാശ്രമങ്ങള്‍ തനിക്കും തനിക്കുള്ള-
തൊന്നുമിളക്കം വരുത്തുകില്ലാരുമേ
എല്ലാവനുമുണ്ടനുകമ്പ മാനസേ
നല്ലതൊഴിഞ്ഞൊരു ചിന്തയില്ലാര്‍ക്കുമേ
നോക്കുമാറില്ലാരുമേ പരദാരങ്ങ-
ളോര്‍ക്കയുമില്ല. പരദ്രവ്യമാരുമേ,
ഇന്ദ്രിയനിഗ്രഹമെല്ലാവനുമുണ്ടു
നിന്ദയുമില്ല പരസ്പരമാര്‍ക്കുമേ,
നന്ദനന്മാരെപ്പിതാവു രക്ഷിക്കുന്ന-
വണ്ണം പ്രജകളെ രക്ഷിച്ചു രാഘവന്‍”
എന്നിങ്ങനെ വിവരിച്ച് എഴുത്തച്ഛന്‍ ചോദിക്കുന്നു, ”സാകേതവാസികളായ ജനങ്ങള്‍ക്ക്
ലോകാന്തരസുഖമെന്തോന്നിതില്‍പ്പരം..”
”മാവേലിനാടു വാണീടുംകാലം…” എന്ന നാട്ടുപാട്ട് എഴുതിയത് ആരെന്നും എന്നാണെന്നുമുള്ള തര്‍ക്കങ്ങള്‍ നില്‍ക്കട്ടെ, രാമരാജ്യത്തിന്റെ കാലത്തെ നാട്ടുസങ്കല്‍പ്പത്തിലെ ഭാഷാരൂപമാണ് ഇന്ന് പാടിനടക്കുന്ന വരികള്‍ എന്ന് നിരൂപിച്ചാല്‍ തോന്നും. മാവേലിപ്പാട്ട് രചിച്ചത് ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യനായിരുന്ന സഹോദരന്‍ അയ്യപ്പനാണെന്നാണ് ഒരു പറച്ചില്‍. എന്നാല്‍ അതിനും മുമ്പ്, 16-ാം നൂറ്റാണ്ടില്‍ ഇങ്ങനെയൊരു പാട്ടുണ്ടായിരുന്നുവെന്നും അതില്‍ സഹോദരന്‍ മാറ്റം വരുത്തിയതാണെന്നും ഇപ്പോള്‍ പാടിക്കേള്‍ക്കാറുള്ള പാട്ട് അതിന്റെയും പരിഷ്‌കരിച്ച പതിപ്പാണെന്നുമൊക്കെ വാദമുണ്ട്. ഇത്തരം പാട്ടുകളെ ഭാഷാ നിപുണന്മാര്‍ വീണ്ടും ആറ്റിക്കുറുക്കിയതല്ലേ നാടന്‍ ചൊല്ലുകള്‍ എന്നും അന്വേഷണം നടത്തണം. വേദോപനിഷത്തുക്കളിലെ സൂക്തത്തിന്റെയും സൂത്രത്തിന്റെയും ഘടനയില്‍ ആറ്റിക്കുറുക്കിയ തത്വങ്ങളും ദര്‍ശനങ്ങളുമല്ലേ ഈ ചൊല്ലുകളില്‍ പലതും. ആലോചിക്കേണ്ട വിഷയമാണ്. കാലക്രമത്തില്‍ ഉണ്ടാകുന്ന പ്രാദേശിക ഭാഷാ ഭേദങ്ങള്‍ നീക്കിനിര്‍ത്തിയാല്‍ അവയുടെ അന്തസ്സത്ത ചരിത്രവും കാലവും ദര്‍ശനവും തത്വവും ഒക്കെ അടയാളപ്പെടുത്തുന്നുണ്ട്.
ഓണക്കാലത്ത് ചില ഓണച്ചൊല്ലുകളുടെ പിന്നാലേ പോയാല്‍ അത് കൂടുതല്‍ വെളിപ്പെടും. ‘കാണം വിറ്റും ഓണം ഉണ്ണണ’മെന്ന് പറയുമ്പോള്‍, ‘ഓണംകേറാ മൂല’യില്‍ എന്ന് എഴുതുമ്പോള്‍, ‘ഓണത്തിനിടയില്‍ പൂട്ടുകച്ചവടമോ’ എന്ന് ചോദിക്കുമ്പോള്‍, ‘ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ കഞ്ഞി’ എന്ന് സങ്കടപ്പെടുമ്പോള്‍, ‘ഉണ്ടെങ്കില്‍ ഓണം ഇല്ലെങ്കില്‍ ഏകാദശി’ എന്ന് കുറ്റപ്പെടുത്തുമ്പോള്‍, ‘ഉള്ളതുകൊണ്ട് ഓണംപോലെ’ എന്ന് സമാധാനിക്കുമ്പോള്‍ തുടക്കത്തില്‍ പറഞ്ഞ, സംസ്‌കാരവും ഭാഷയും ചരിത്രവും സാമൂഹ്യവ്യവസ്ഥയും നരവംശചരിത്രവും ചേര്‍ന്ന ലോകത്തേക്കാണ് അതിലെ ഓരോ ചൊല്ലും നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്.
ഓണം ഒരു സാംസ്‌കാരിക സാമൂഹ്യാഘോഷമാണെന്ന് അറിയിക്കുകയാണ്; അത് ഏതു വിധേനയും, കാണം വിറ്റായാലും ആഘോഷിക്കണമെന്ന് പറയുകയാണ്; പറയിക്കുകയാണ് ഈ ചൊല്ലുകള്‍.
‘കാണം’ എന്നാല്‍ ചുങ്കമോ നികുതിയോ ഏകവരുമാന മാര്‍ഗമോ തുടര്‍ പ്രവര്‍ത്തനത്തിന് നീക്കിവെച്ചിരിക്കുന്നതോ അടിത്തറതന്നെയോ ആണ്. അതില്ലാതായാല്‍ പോലും ഓണം ആഘോഷിക്കാതിരിക്കരുത് എന്ന് പറയുന്നത് സാംസ്‌കാരികതയുടെ സാമൂഹ്യാഘോഷത്തില്‍നിന്ന് വിട്ടുനില്‍ക്കരുതെന്ന അര്‍ത്ഥത്തില്‍ക്കൂടിയാണ്. ഉന്നതമായ സാമൂഹ്യബോധസ്ഥിതി. ഒന്നാണെന്ന തോന്നല്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത. ആഘോഷിക്കാനാവാത്തവരും അന്നത്തെ സമൂഹത്തിലുണ്ടായിരുന്നുവെന്ന ഓര്‍മപ്പെടുത്തലും അതിലുണ്ട്. അത് സാമൂഹ്യസാമ്പത്തിക ചരിത്രമാണ്. പക്ഷേ, ആ പരിമിതികള്‍ക്കപ്പുറം സംസ്‌കാര പോഷണം പ്രധാനമാണെന്ന സന്ദേശവും അതിലുണ്ട്.
‘ഓണംകേറാ മൂലകള്‍’ അപ്പോഴും ഉണ്ടായിരുന്നു. വൈദ്യുതിയെത്താത്ത നാടെന്നും ഇന്റര്‍നെറ്റ് കണക്ഷന്‍ കിട്ടാത്ത സ്ഥലമെന്നും പരാമര്‍ശിക്കുമ്പോള്‍ ഇന്ന് തോന്നുന്ന അങ്കലാപ്പ് ‘ഓണംകേറാമൂല’ എന്ന് കേള്‍ക്കുമ്പോള്‍ തോന്നിയാല്‍ പോരാ. വില്‍ക്കാന്‍ കാണമൊന്നുപോലും ഇല്ലാത്തവരുണ്ടായിരുന്ന കാലം നമ്മുടെ കാഴ്ചപ്പുറത്തിന് അത്ര അകലെയല്ലായിരുന്നുവെന്നാണ് തിരിച്ചറിയേണ്ടത്.
ഓണംകേറാ മൂലകള്‍ ഇല്ലാതാകണം എന്നത് സത്യം. പക്ഷേ, ‘ഓണത്തിനിടയിലും പൂട്ടുകച്ചവടം’ നടത്തുന്നവര്‍ ഇല്ലാതായാലേ പറ്റൂ. അതിലെ ‘പൂട്ട്’ ആഹാരമായ ആവിയില്‍ വെന്തെടുക്കുന്ന ‘പുട്ട്’ ആണെന്ന് തെറ്റിദ്ധരിക്കരുത്. അത് സമൃദ്ധിക്കും സമത്വത്തിനുമിടയില്‍ മോഷണമെന്ന സാമൂഹ്യ അനീതിയെ ഓര്‍മ്മിപ്പിക്കുന്ന താഴും താക്കോലും വില്‍പ്പന തികച്ചും അനൗചിത്യമാണെന്നാണ് പറയുന്നത്.
അനൗചിത്യം തിരിച്ചറിയാത്ത അത്തരക്കാരാണല്ലോ സാംസ്‌കാരികാഘോഷമായ അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്യുമ്പോള്‍ ‘എത്ര ചവിട്ടിത്താഴ്‌ത്തിയാലും അവിടെനിന്ന് ഉയര്‍ന്നുവരുമെന്ന സമത്വത്തിന്റെ സന്ദേശമാണ് ഓണം നല്‍കുന്നത്’, എന്ന് വീമ്പും വീണ്‍വാക്കും പറയുന്നത്. അധികാര രാഷ്‌ട്രീയം അവര്‍ക്ക് മന്ത്രിപദം കൊടുക്കുമ്പോള്‍ അവര്‍ക്ക് മറ്റെന്തു ഗുണങ്ങളുണ്ടെങ്കിലും മഹാബലിയെപ്പോലെ അഹന്തബാധിച്ചവരാകുന്നു. അവര്‍ ഒരു പ്രത്യേക വിഭാഗമാണ്. അവര്‍ക്ക് കച്ചവടവും ലാഭവുമേ ലക്ഷ്യമുള്ളു. അവര്‍ വിദ്വേഷവും സംശയവും സമൂഹത്തില്‍ വിതയ്‌ക്കുകയുംകൂടി ചെയ്യുകയാണല്ലോ അതിലൂടെ. അവരിലൂടെയാണ് അധികാര രാഷ്‌ട്രീയവും ഉപഭോഗ സംസ്‌കാരവും പലവിധ ചൂഷണംവഴി സംസ്‌കാരത്തെ നശിപ്പിക്കുന്നത് എങ്ങനെയെന്ന് തിരിച്ചറിയേണ്ടത്. കാണംവിറ്റ്, ഓണംകേറാ മൂലയില്‍പ്പോലും സംസ്‌കാരം ആഘോഷിക്കുന്നവര്‍ക്കിടയില്‍ സാമൂഹ്യബോധത്തിന് താഴിട്ടടയ്‌ക്കാന്‍ സ്വാര്‍ഥതയുടെ പൂട്ടുകളുമായിറങ്ങുന്ന സംശയത്തിന്റെ വ്യാപാരികളാണവര്‍. സംശയവും വിശ്വാസരാഹിത്യവും വില്‍ക്കുന്നവ സ്വാര്‍ത്ഥ ജന്മങ്ങള്‍ക്ക്, ഓണത്തിന്റെ കാലത്തും പൂട്ടുകള്‍ വില്‍ക്കാനുള്ള സ്ഥിതിവിശേഷം അന്നുമുണ്ടായിരുന്നു, ഇന്നത് പലമടങ്ങ് പെരുകിയെന്ന വ്യത്യാസം മാത്രം.
ഉണ്ണിയുണ്ടാവുന്നത് സംസ്‌കാരത്തിന്റെ തുടര്‍ച്ചയാണ്, അടുത്ത തലമുറയുടെ തുടക്കം. അത് ആഘോഷിക്കേണ്ടതുതന്നെ. ഒരുപക്ഷേ, ജീവിവര്‍ഗത്തിന്റെയാകെ ജന്മധര്‍മ സാഫല്യമെന്ന് ലോകക്രമം. അത് മനുഷ്യരിലും സകല ജന്തുസസ്യജാലങ്ങളിലും ധര്‍മ്മമാണ്. ഒരു കര്‍മപരമ്പരയുടെ തുടര്‍ച്ചയാണ്. അതില്‍ പൂര്‍ണവിരാമം വന്ന, പലജന്മങ്ങള്‍ പിന്നിട്ട് കര്‍മചക്രം പൂര്‍ത്തിയാക്കിയവരുമുണ്ടാകാം. അതും ധര്‍മംതന്നെയാണ്. ആ ഉണ്ണി പിറക്കുന്നത് ആഘോഷമാണ്, ഓണംപോലെതന്നെ. പക്ഷേ, അപ്പോഴും (ഓണം പിറന്നാലും ഉണ്ണി പിറന്നാലും) കോരനെന്ന അതിസാധാരണക്കാരന് കുമ്പിളില്‍ കഞ്ഞിമാത്രം കിട്ടുന്ന കാലവും ഉണ്ടായിരുന്നുവെന്ന് ഓര്‍മിക്കണം. രാമരാജ്യത്തെയും മാവേലി നാടിനേയും അധികാരത്തിന്റെ തുടര്‍പരമ്പര ഭരിച്ചുകെടുത്തിയപ്പോഴുണ്ടായതാകാം ഈ വിമര്‍ശനം. അത് ചൊല്ലായിപ്പറന്ന് നാടെങ്ങുമെത്തിയതാവാം. ഇത്ര കര്‍ക്കശമായ, കൃത്യമായ, മൂര്‍ച്ചയേറിയ വിമര്‍ശനം ഏതുകാലത്തെ സാമൂഹ്യ വിമര്‍ശകന്‍ ഉയര്‍ത്തിയതായാലും അതിന്റെ കരുത്ത് അപാരമാണ്. പില്‍ക്കാലത്ത്, ഇരുപതാം നൂറ്റാണ്ടില്‍, കവി അയ്യപ്പപ്പണിക്കര്‍ അതിന് ഇങ്ങനെ കവിതാ രൂപം നല്‍കി:
‘രാമന്‍ വാണാലും രാവണന്‍ വാണാലും
സ്വാതന്ത്ര്യം നമ്മള്‍ക്ക് പിച്ചപ്പാത്രം” എന്ന്.
എന്നാല്‍, എന്നാണ് ‘ഉണ്ടെങ്കില്‍ ഓണം പോലെ, ഇല്ലെങ്കില്‍ ഏകാദശി’ എന്ന തരത്തിലേക്ക് സമൂഹം മാറിയത്. ഉപഭോഗവും ആഡംബരവും ഏറിയ കാലത്താണ് ധൂര്‍ത്ത് കൂടിയതെന്നെല്ലാമുള്ള ആനുകാലിക വിമര്‍ശങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും വിരുദ്ധമല്ലേ ഈ ചൊല്ല്. ഇന്നത്തെ ശൈലിയില്‍ പറഞ്ഞാല്‍ ‘അടിച്ചുപൊളിച്ച്’ ജീവിക്കുന്നതിനെക്കുറിച്ചാണ് അത്. കൈയില്‍ ധാരാളം കോപ്പുള്ളപ്പോള്‍ ആഘോഷമാണ്. ഇല്ലെങ്കിലോ അര്‍ദ്ധപട്ടിണിയാണ് എന്നര്‍ഥം. ഈ ചൊല്ലില്‍ പക്ഷേ, രണ്ടു കാര്യങ്ങള്‍ ഏറെ ശ്രദ്ധേയമായുണ്ട്. അതും തുടക്കത്തില്‍ പറഞ്ഞ കാര്യത്തിലേക്ക് തന്നെ ശ്രദ്ധക്ഷണിക്കും. ഒന്ന് ഭാഷയാണ്- ഉണ്ടെങ്കില്‍ ഓണം ഇല്ലെങ്കില്‍ ഏകാദശി എന്ന മൊഴിയുടെ ഘടനകൂടി നോക്കണം. ‘ഉണ്ട്’ എങ്കില്‍ എന്നും ‘ഉണ്ടു’ എങ്കില്‍ എന്നും വ്യാഖ്യാനിക്കാം. രണ്ടിലും അര്‍ഥം ഉണ്ടുതാനും. നമ്മുടെ ഭാഷയുടെ ശേഷികൂടിയാണത്. മറ്റൊന്ന് ചൊല്ലിനു പിന്നിലെ സംസ്‌കാര ചിഹ്നമാണ്. ഓണവും ഏകാദശിയുമാണ് ഊണിനെക്കുറിച്ച് പറയാന്‍ ഉപയോഗിച്ച ബിംബങ്ങള്‍. ഉത്സവത്തിനും ആചാരത്തിനും കൊടുക്കുന്ന പ്രാധാന്യവും പ്രാമുഖ്യവും അതിലുണ്ടല്ലോ.
ഏത് ദുരിതകാലത്തും ഓണം ആഘോഷിക്കുക മലയാളിയുടെ വിശേഷ സ്വഭാവമാണ്. അത് കൂട്ടുചേരലിന്റെ കാലംകൂടിയാണ്. അന്യനാട്ടിലാണെങ്കില്‍ നാട്ടിലേക്കെത്താനുള്ള അവസരമാക്കി ഓണക്കാലത്തെക്കാണുന്നു; പലേടങ്ങളിലുള്ളവര്‍ വീട്ടിലേക്ക് എത്താന്‍. ഓണം മലയാളിയുടെ ജീവിതത്തിന്റെ കലണ്ടറിലെ പ്രധാന അടയാളമാണ്. അവധിയല്ല, അത് ആഘോഷമാണ്. അതുകൊണ്ടുതന്നെ ഓണം കാണം വില്‍ക്കാതെതന്നെ, ഉള്ളതുകൊണ്ട് ഓണം പോലെ ആഘോഷിക്കാനും കഴിയുന്നു. അതെ, നമ്മുടെ സംസ്‌കാരമാണത്; വിശ്വാസത്തിന്റെ സംസ്‌കാരം…
എന്തായാലും ഓണമായി, മനുഷരെല്ലാരുമൊന്നുപോലാകട്ടെ, ഒരേ മനസ്സോടെ; പക്ഷേ, അവരൊന്നല്ല, മാവേലിയും ഓണത്തപ്പനും മഹാബലിയും!
















