മട്ടാഞ്ചേരി: ആഗസ്തിലെ റേഷന്‍ വിതരണം അവസാനിക്കുന്നത് സംബന്ധിച്ച് രണ്ടുതരം സര്‍ക്കുലര്‍ ലഭിച്ചത് റേഷന്‍ വ്യാപാരികളേയും കാര്‍ഡ് ഉടമകളേയും ആശയക്കു
ഴപ്പത്തിലാക്കി.
29 ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലിന്റെ പ്രൈവറ്റ് സെക്രട്ടറി ജെ. ബിജുവിന്റെ പേരില്‍ റേഷന്‍ വ്യാപാരി സംഘടന ഗ്രൂപ്പുകളില്‍ എത്തിയ സര്‍ക്കുലറും 30ന് ഉച്ചയ്‌ക്ക് ഭക്ഷ്യവകുപ്പ് കമ്മിഷണര്‍ കെ. ഹിമയുടെ പേരില്‍ ഇറങ്ങിയ സര്‍ക്കുലറുമാണ് വ്യാപാരികളേയും കാര്‍ഡ് ഉടമകളേയും ആശയക്കുഴപ്പത്തിലാക്കിയത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പേരില്‍ ഇറങ്ങിയ കുറിപ്പില്‍ ആഗസ്ത് മാസത്തെ റേഷന്‍ വിതരണം സപ്തം. നാല് വരെ നീട്ടിയതായും ഞായറാഴ്ച കടകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നും സപ്തംബര്‍ മാസത്തെ റേഷന്‍ വിതരണം ഒമ്പതിന് ആരംഭിക്കുമെന്നുമാണ് വിശദീകരിക്കുന്നത്. ഇതുസംബന്ധിച്ച് ചില പത്രങ്ങളില്‍ വാര്‍ത്ത വന്നതിന്റെ അടിസ്ഥാനത്തില്‍ റേഷന്‍ വ്യാപാരികള്‍ കാര്‍ഡ് ഉടമകള്‍ക്ക് അറിയിപ്പും നല്‍കി.
ഇതിനിടയിലാണ് ഇന്നലെ ഭക്ഷ്യവകുപ്പ് കമ്മിഷണര്‍ കെ. ഹിമയുടെ പേരില്‍ പുതിയ അറിയിപ്പ് വന്നത്. ഇതില്‍ ഈ മാസത്തെ റേഷന്‍ വിതരണം 31ന് അവസാനിക്കുമെന്നും അന്നേ ദിവസം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നുമാണ് അറിയിപ്പ്. റേഷന്‍ ഇത് വരെ കൈപ്പറ്റാത്തവര്‍ ഇന്ന് തന്നെ റേഷന്‍ കൈപ്പറ്റണമെന്നും ഒന്നാം തിയതി റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കുമെന്നും സപ്തംബര്‍ മാസത്തെ റേഷന്‍ വിതരണം രണ്ടാം തിയതി മുതല്‍ ആരംഭിക്കുമെന്നുമാണ് അറിയിപ്പ്. ആദ്യ അറിയിപ്പ് പ്രകാരം കാര്‍ഡ് ഉടമകള്‍ക്ക് വിവരം നല്‍കിയ വ്യാപാരികളാണ് ഇതോടെ വെട്ടിലായത്. പുതിയ തീരുമാനം നിരവധി പേരുടെ ആഗസ്ത് മാസത്തെ റേഷന്‍ നഷ്ടപ്പെടുന്നതിന് കാരണമാകും. മാത്രമല്ല ഇത് റേഷന്‍ വ്യാപാരികളും കാര്‍ഡ് ഉടമകളും തമ്മിലുള്ള തര്‍ക്കത്തിനും ഇടയാക്കുന്നതാണ്.
















