ടോക്കിയോ: പ്രധാനമന്ത്രിയുടെ ദ്വിദിന ജപ്പാന്‍ സന്ദര്‍ശനത്തിന് സമാപനം. കൂടുതല്‍ മേഖലകളില്‍ സഹകരണവും നിക്ഷേപവും വര്‍ധിപ്പിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. പത്തു വര്‍ഷത്തിനുള്ളില്‍ ഭാരതത്തില്‍ ജപ്പാന്‍ പത്ത് ട്രില്യണ്‍ യെന്‍ നിക്ഷേപിക്കും.
ജപ്പാന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബക്കൊപ്പം ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്തു. ടോക്കിയോയില്‍ നിന്ന് സെന്‍ഡായിലേക്കായിരുന്നു യാത്ര. പ്രധാനമന്ത്രിമാരുടെ ബുള്ളറ്റ് ട്രെയിന്‍ യാത്രയെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എക്സില്‍ ‘വികസനത്തിന്റെയും പുരോഗതിയുടെയും യാത്രയെന്നാണ്’ വിശേഷിപ്പിച്ചത്.
എക്സില്‍ യാത്രയുടെ ചിത്രങ്ങള്‍ മോദി പങ്കുവെച്ചു. സെന്‍ഡായില്‍ എത്തിയ നരേന്ദ്ര മോദി ജപ്പാന്‍ റെയില്‍വേയില്‍ പരിശീലനത്തിലുള്ള ഭാരതീയരായ ലോക്കോ പൈലറ്റുമാരുമായി കൂടിക്കാഴ്ച നടത്തി.
സെമികണ്ടക്ടര്‍ മേഖലയിലെ പ്രമുഖ ജപ്പാന്‍ കമ്പനിയായ ടോക്കിയോ ഇലക്ട്രോണ്‍ മിയാഗി ലിമിറ്റഡ്, നരേന്ദ്ര മോദി, ഷിഗെരു ഇഷിബയ്‌ക്കൊപ്പം സന്ദര്‍ശിച്ചു. കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംവദിക്കുകയും ചെയ്തു. സെമികണ്ടക്ടര്‍ വിതരണശൃംഖല, ഉല്‍പാദനം, പരീക്ഷണം എന്നീ മേഖലകളില്‍ സഹകരണം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സന്ദര്‍ശനം. സന്ദര്‍ശനത്തില്‍ ഒപ്പം ചേര്‍ന്നതിനു പ്രധാനമന്ത്രി ഇഷിബയ്‌ക്കു മോദി നന്ദി അറിയിച്ചു.
തന്ത്രപരമായ ഈ മേഖലയില്‍ ജപ്പാനുമായി വളരെയടുത്തു പ്രവര്‍ത്തിക്കാനുള്ള ഭാരതത്തിന്റെ സന്നദ്ധത അദ്ദേഹം ആവര്‍ത്തിച്ചു. മോദിക്കായി ഇഷിബ സെന്‍ഡായിയില്‍ വിരുന്നും ഒരുക്കി. മിയാഗി പ്രവിശ്യ ഗവര്‍ണറും മറ്റു വിശിഷ്ടവ്യക്തികളും വിരുന്നില്‍ പങ്കെടുത്തു. ജപ്പാനിലെ 16 പ്രവിശ്യകളുടെ തലവന്മാരുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി ചൈനയിലെത്തി.
















