ന്യൂദല്‍ഹി: “മാധ്യമപ്രവര്‍ത്തകന്‍ മാധ്യമ ജോലി വിട്ടതിന് ശേഷം മോദിയെ സമൂഹമാധ്യമങ്ങളില്‍ ചീത്ത വിളിക്കുന്നത് തൊഴിലാക്കി. പക്ഷെ അതുകൊണ്ട് അയാള്‍ക്ക് ഗുണമുണ്ടായതെന്തെന്നോ? ആ മാധ്യമപ്രവര്‍ത്തകന്റെ ബാങ്ക് ബാലന്‍സ് കൂടിക്കൂടിവന്നു.” -ഇക്കാര്യം തുറന്നുപറഞ്ഞത് ബിജെപി എംപി നിഷികാന്ത് ദുബെ.
തുറന്നുപറയുക മാത്രമല്ല, ഈ ആരോപണത്തിന്റെ തെളിവ് കൂടി പുറത്തുകൊണ്ടുവന്നു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായുള്ള ആ മാധ്യമപ്രവര്‍ത്തകന്റെ രണ്ട് ആദായനികുതി രേഖകളാണ് നിഷികാന്ത് ദുബെ പുറത്തുവിട്ടത്.
ഒന്നാമത്തേത്, അയാള്‍ സത്യസന്ധനായ മാധ്യമപ്രവര്‍ത്തകനായി ഒരു മാധ്യമത്തില്‍ ജോലി ചെയ്യുമ്പോഴുള്ള ആദായനികുതിയാണ്. അന്നേരം ശമ്പളം വളരെ കുറവാണ്. ആദായനികുതിയും കുറവ്. പക്ഷെ രണ്ടാമത്, മോദിയെ ചീത്തവിളിക്കുക, ഇകഴ്‌ത്തുക എന്നിവ ചെയ്തതിന് ശേഷം ഇയാള്‍ നാല് കോടി രൂപയുടെ വീട് വാങ്ങി. വരുമാനം 18.9 ലക്ഷത്തില്‍ നിന്നും 1.2 കോടിയായി ഉയര്‍ന്നു.
“ഇത് ഏത് ജേണലിസ്റ്റാണെന്ന് നിങ്ങള്‍ ഊഹിച്ചുപറയൂ. സത്യസന്ധനായ ജേണലിസ്റ്റായിരുന്നപ്പോള്‍ ശമ്പളം 18 ലക്ഷംരൂപ. പക്ഷെ ആ ജോലി വിട്ട് അയാള്‍ തെരുവില്‍ കറങ്ങി നടന്ന് മോദിയ്‌ക്കും ബിജെപിയ്‌ക്കും എതിരെ ചീത്ത വിളിക്കാന്‍ തുടങ്ങിയതോടെ വരുമാനം കോടികളായി”- നിഷികാന്ത് ദുബെ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
ഇതോടെ അഭിഷാര്‍ ശര്‍മ്മ എന്ന ജേണലിസ്റ്റ് മുന്നോട്ട് വന്നു. നിഷികാന്ത് ദുബെയുടെ ഈ സന്ദേശം നിര്‍മ്മല സീതാരാമന് ടാഗ് ചെയ്തു. രഹസ്യമായി നല്‍കിയ ആദായനികുതി രേഖ പരസ്യമാക്കിയത് മറ്റാരുമല്ല, പാര്‍ലമെന്‍റ് അംഗമാണ് എന്ന് പറഞ്ഞായിരുന്നു അഭിഷാര്‍ ശര്‍മ്മയുടെ ട്വീറ്റ്. പക്ഷെ ആരാണ് ഈ ജേണലിസ്റ്റ് എന്ന കാര്യം നിഷികാന്ത് ദുബെ പുറത്തുവിട്ടിട്ടില്ല.
















